Gang Rape | 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്: കാമുകനും സുഹൃത്തുമടക്കം 5 പേർ അറസ്റ്റിൽ - gang rape
പത്തനംതിട്ട: 17കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ പ്രതികളായ അഞ്ചുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി അടൂർ പൊലീസ്. പെൺകുട്ടിയുടെ കാമുകനായ അടൂർ നെല്ലിമുകൾ സ്വദേശി സുമേഷ് (19), പെൺകുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് സ്വദേശി ശക്തി (18), ഇയാളുടെ സുഹൃത്തുക്കളായ അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28)എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിങ്ങില്‍ ആണ് കൂട്ടബലാത്സംഗ വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം, വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ വകുപ്പ് പ്രകാരം കൂട്ടബലാത്സംഗം ഉള്‍പ്പടെ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയുടെ സുഹൃത്ത് മുഖേന ശക്തിയുമായി പരിചയപ്പെടുകയും പിന്നീട് ശക്തി പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് ഇയാൾ തന്‍റെ സുഹൃത്തുക്കളായ അനൂപ്, അഭിജിത്ത്, അരവിന്ദ് എന്നിവരുമൊത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി. തുടര്‍ന്ന്, അരവിന്ദിന്‍റെ സാന്നിധ്യത്തില്‍ ബാക്കി മൂന്ന് പ്രതികളും ചേര്‍ന്ന് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. ജൂണിൽ കാമുകനായ സുമേഷും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കൗൺസിലിങ്ങിന്‍റെ അടിസ്ഥാനത്തിൽ പിന്നീട് പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ജൂലൈ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
തുടർന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകർ മഹാജന്‍റെ നിർദേശപ്രകാരം അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രതികൾ പരസ്‌പരം അറിയാവുന്നവരായതിനാൽ രക്ഷപ്പെടാനുള്ള അവസരങ്ങൾ നൽകാതെ രഹസ്യമായി ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കുടുക്കിയത്. ഒരാഴ്‌ചയോളം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക അന്വേഷണസംഘം താമസിച്ചായിരുന്നു അന്വേഷണം നടത്തിയത്.
പ്രതികൾ നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം താമസക്കാര്‍ ആയതിനാൽ അവിടെ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് കാമുകനായ സുമേഷിനെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പിന്നീട് നടത്തിയ രഹസ്യമായ നീക്കത്തിൽ മറ്റ് പ്രതികളെ ശനിയാഴ്‌ച രാത്രിയിലും ഞായറാഴ്‌ച പുലർച്ചെയുമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
2021ൽ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാലു പേര്‍ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. ആ കേസിൽ വിചാരണ നടപടികൾ നടന്നുവരികയാണ്. കേസിൽ വിചാരണ പൂർത്തിയായ പ്രതിയായ സുധീഷിനെ 45 വർഷത്തെ കഠിനതടവിനും, രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി ദിവസങ്ങൾക്കുള്ളിലാണ് പുതിയ സംഭവം.
അടൂർ സബ് ഇൻസ്‌പെക്‌ടർമാരായ എം മനീഷ്, ജലാലുദ്ദീൻ റാവുത്തർ, എസ്‌സിപിഓമാരായ സൂരജ് ആർ കുറുപ്പ്, റോബി ഐസക്, സിപിഒമാരായ ശ്യാംകുമാർ, അൻസാജു, ശ്രീജിത്ത്, എസ് അനൂപ് എന്നിവരുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.