Minister VN Vasavan about UDF | യുഡിഎഫിന് ഫ്യൂഡല്‍ രീതി, മുഖ്യമന്ത്രിയോട് മാത്രമേ സംസാരിക്കൂ എന്ന നിലപാട് : വി എന്‍ വാസവന്‍ - സപ്ളൈകോ
കോട്ടയം:വികസന പ്രശ്‌നം ചർച്ച ചെയ്യാൻ വിളിക്കുമ്പോൾ മുഖ്യമന്ത്രിയോട് മാത്രമേ സംസാരിക്കൂ എന്ന യുഡിഎഫ് (UDF) നിലപാട് ഫ്യൂഡൽ രീതിയിലുള്ളതെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എൻ വാസവൻ (Minister VN Vasavan). മറ്റുള്ളവരൊക്കെ മൂന്നാം കിട, നാലാം കിട നേതാക്കളാണെന്ന നിലപാട് ശരിയല്ലെന്നും വി എന്‍ വാസവൻ പറഞ്ഞു. പുതുപ്പള്ളി വികസന ചർച്ചയെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ ഈ പ്രസ്‌താവന. എല്‍ഡിഎഫ് (LDF) ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വരാൻ യുഡിഎഫ് തയാറല്ല. യുഡിഎഫിന്‍റെ വാർഡ് മെമ്പറുമായി പോലും വികസന വിഷയം ചർച്ച ചെയ്യാൻ എല്‍ഡിഎഫ് തയാറാണെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണത്തിന് എല്ലാ മന്ത്രിമാരും എത്തുമെന്നും വാസവൻ അറിയിച്ചു. ഓഗസ്റ്റ് 23 മുതൽ സെപ്‌റ്റംബർ രണ്ടുവരെ മന്ത്രിമാർ മണ്ഡലത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയുടെയും (Supplyco Kerala) സഹകരണ വകുപ്പിന്‍റെയും ഓണച്ചന്തകൾ തുടങ്ങുമെന്നും ഇവ നടത്താൻ 258 കോടി രൂപ സപ്ലൈകോയ്ക്ക് ഇതിനകം നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.