പ്രതിപക്ഷ നേതാവ് ആദ്യം പ്രോഗ്രസ് റിപ്പോർട്ട് പഠിക്കട്ടെ, ജനങ്ങൾ സർക്കാരിന് ഒപ്പമാണ്: മറുപടിയുമായി വി ശിവൻകുട്ടി - വിഡി സതീശൻ
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് തട്ടിപ്പ് എന്ന വാക്ക് ഉപയോഗിക്കാത്ത ദിവസം ഇല്ലെന്നും പ്രോഗ്രസ് റിപ്പോർട്ട് അദ്ദേഹം ആദ്യം പഠിക്കട്ടെയെന്നും മന്ത്രി വി ശിവൻകുട്ടി. എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിനെതിരെ വിഡി സതീശന്‍റെ ആരോപണത്തിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രേഖകളുടെയോ നിയമത്തിന്‍റെയോ പിൻബലമില്ലാതെയാണ് അദ്ദേഹത്തിന്‍റെ ആരോപണങ്ങളെന്നും ജനങ്ങൾ സർക്കാരിന് ഒപ്പമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഇന്നലെ യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പരാജയമാണെന്നും വന്നവരെല്ലാം ഉച്ചയോടെ പിരിഞ്ഞ് പോയെന്നും അദ്ദേഹം പരിഹസിച്ചു. രണ്ടാം വർഷികത്തോട് അനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് സത്യമാണെന്ന് തെളിയിക്കാനാണ് വിഡി സതീശൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. മൂന്നുലക്ഷം പേർക്ക് തൊഴിൽ നൽകിയെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ്.
നാട്ടിലെ പല സംരംഭങ്ങളും ഇതിനകം പൂട്ടി പോയിട്ടുണ്ട്. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു വി ഡി സതീശന്‍റെ പരാമർശം. എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌ത 900 പദ്ധതികളുടെ പുരോഗതി വിശദമാക്കിയായിരുന്നു സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്‌തത്. പുത്തരിക്കണ്ടത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി വി പി ജോയിക്ക് കൈമാറി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്‌തത്.
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളയിനത്തിലായി 2296 കോടിയോളം സർക്കാർ വായ്‌പയായി അനുവദിച്ചുവെന്നും നികുതി വരുമാനം 20 ശതമാനമാണെന്നും ജിഎസ്‌ടി വരുമാനത്തിൽ 25 ശതമാനം വളർച്ച കൈവരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ :എ ഐ ക്യാമറ വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മറുപടി നൽകി. ആരോപണങ്ങൾ നുണയാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ എന്ന് ചോദിച്ചായിരുന്നു സുധാകരന്‍റെ പ്രതികരണം. എന്ത് കാര്യവും ആർക്കും നിഷേധിക്കാമെന്നും നട്ടെല്ലുണ്ടെങ്കിൽ വിഷയം സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണത്തിന് വിടണമെന്നും അദ്ദേഹം പറഞ്ഞു.
കേസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ കൊണ്ടും മറ്റ് സർക്കാർ ജീവനക്കാരെ കൊണ്ടും അന്വേഷിപ്പിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും സുധാകരൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് സർക്കാർ പ്രതിപക്ഷ വാക്‌പോര് മുറുകുന്നത്.