'ഒന്നും ചെയ്‌തില്ലെങ്കിലും ജയിക്കുമെന്ന തോന്നല്‍'; അദാലത്തില്‍ പങ്കെടുക്കാത്തതില്‍ ശശി തരൂരിനെ പരിഹസിച്ച് വി ശിവൻകുട്ടി - പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഒന്നും ചെയ്‌തില്ലെങ്കിലും ജയിക്കുമെന്ന തോന്നലാണ് ശശി തരൂരിനെന്നും എംപി ഫണ്ട് എവിടെ ചെലവാക്കുന്നുവെന്ന് ആർക്കുമറിയില്ലെന്നും പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അദാലത്ത് ഉൾപ്പെടെയുള്ള പരിപാടികളിൽ പോലും പ്രതിപക്ഷത്തുള്ള എം.പി, എംഎൽഎമാർ പങ്കെടുക്കാറില്ലെന്നും ഇതെല്ലാം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇടങ്ങളിലായി മന്ത്രിമാർ നേരിട്ട് ജനങ്ങളിലേക്കെത്തി അദാലത്ത് നടത്തുമ്പോൾ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഇത് ബഹിഷ്‌കരിക്കുന്നത് ഖേദകരമാണെന്ന് മന്ത്രി ആന്‍റണി രാജുവും കൂട്ടിച്ചേർത്തു.
രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന താലൂക്ക് തല അദാലത്ത് തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലും വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വർഷങ്ങളായി പല കാരണങ്ങളാൽ സർക്കാർ ഓഫിസുകളിലുണ്ടായിരുന്ന സാധാരണക്കാരുടെ ആയിരക്കണക്കിന് പരാതി അപേക്ഷകളും പരിഹരിക്കാനും ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻകൂട്ടി നിശ്ചയിച്ച സമയത്ത് അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയവരുടെ പരാതികൾ അദാലത്ത് വേദിയിൽ തന്നെ സ്വീകരിച്ചിട്ടുണ്ട്. അദാലത്തിനെത്തിയ അവസാന ആളുടെയും പരാതികൾ കേട്ടാണ് വേദിയിൽ നിന്നും മന്ത്രിമാര്‍ മടങ്ങിയതെന്നും കാലത്ത് വേദികളിൽ സ്വീകരിച്ച പരാതികളിൽ 15 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മന്ത്രിമാര്‍ ഇരുവരും വ്യക്തമാക്കി.
അദാലത്തിന് ക്ഷണിച്ചിട്ടും ജനങ്ങൾക്ക് ഉപകാരമുണ്ടാവുന്ന പരിപാടികളിൽ രാഷ്ട്രീയം കണ്ട് പ്രതിപക്ഷത്തുള്ളവർ വരാതിരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സർക്കാരിനെ സംബന്ധിച്ച് ആഘോഷങ്ങൾക്കപ്പുറം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും പരാതി നൽകാൻ വന്നവർ ആരും പ്രതിപക്ഷത്തുള്ളവരെ അന്വേഷിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.