സംസ്ഥാന സ്‌കൂൾ കലോത്സവം : യാതൊരു സംശയവും വേണ്ട, ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം തന്നെ : വി ശിവന്‍കുട്ടി
Published : Nov 16, 2023, 9:03 PM IST
കൊല്ലം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമാണ് നല്‍കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരുവിധ സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടന്ന സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തിന് പിന്നാലെ ഭക്ഷണത്തെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ഇതോടെ അടുത്ത തവണ നോണ്‍വെജ് ഭക്ഷണം നല്‍കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്‌തിരുന്നു. ഇതാണ് ഭക്ഷണ കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കാരണം. ഭക്ഷണം വിളമ്പുന്നതിന് വളണ്ടിയര്‍മാരില്‍ അധ്യാപകരും വേണം. കുട്ടികള്‍ മാത്രം കൈകാര്യം ചെയ്‌താല്‍ മതിയാകില്ലെന്നും അധ്യാപകര്‍ ഉണ്ടായാല്‍ മാത്രമേ വേഗത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കേണ്ടതുണ്ടെന്നും അതില്ലാത്തവര്‍ക്ക് അതായത് യൂട്യൂബ് പോലുള്ള ന്യൂ മീഡിയ പ്രതിനിധികളുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വേദികള്‍ക്ക് മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ബഹളമായിരിക്കും. ജഡ്‌ജസിനെയെല്ലാം മറഞ്ഞായിരിക്കും മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുകയെന്നും അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം മുന്‍കൂട്ടി കാണേണ്ടതുണ്ട്. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് എല്ലാ വേദിയിലും ഇരിക്കാനുള്ള സൗകര്യം ഒരുക്കണം. ഗ്രീന്‍ റൂമിലേക്കുള്ള മാധ്യമങ്ങളുടെ പ്രവേശനം പൂര്‍ണമായും നിരോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.