Oommen Chandy|'മതനിരപേക്ഷതയ്ക്ക് തീരാനഷ്‌ടം': അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാന്‍ - Oommen Chandy
തിരുവനന്തപുരം: മതനിരപേക്ഷതയ്ക്ക് തീരാനഷ്‌ടമാണ് ഉമ്മൻചാണ്ടിയുടെ വിയോഗമെന്ന് മന്ത്രി സജി ചെറിയാൻ. ജനകീയമായ ഇടപെടലാണ് ഉമ്മൻചാണ്ടിയുടെ പ്രത്യേകത. സംസ്ഥാനത്തിന്‍റെ വികസനത്തിന് ഏറെ പ്രാധാന്യം നൽകിയ രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു അദ്ദേഹം. തുടർച്ചയായി ഒരു മണ്ഡലത്തിൽ ജയിക്കുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ ഉമ്മൻചാണ്ടിയുടെ ജനകീയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് പുതുപ്പള്ളിയിൽ ഇത്രയും തവണ തെരഞ്ഞെടുക്കപ്പെട്ടത്. അത്രമാത്രം ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും സംസ്ഥാനത്തിനും രാജ്യത്തിന്‍റെ പുരോഗതിയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തീരാനഷ്‌ടമാണ്. ദുഃഖാര്‍ദരായ കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പവും കേരള ജനതയ്‌ക്കൊപ്പവും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 4.25 നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. കാന്‍സര്‍ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ രാത്രി ആരോഗ്യ നില വഷളാകുകയായിരുന്നു.