Minister P Rajeev Visited KPPL കെപിപിഎൽ പരമാവധി വേഗത്തിൽ തുറക്കും, ഫാക്‌ടറി സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ് - Kerala Paper Products Limited Fire Accident
Published : Oct 10, 2023, 1:46 PM IST
കോട്ടയം : വെള്ളൂരിലെ കെപിപിഎൽ ഫാക്‌ടറി (Kerala Paper Products Limited Fire Accident) പരമാവധി വേഗത്തിൽ തുറക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് (Minister P Rajeev). തീപിടിത്തത്തിന് പിന്നാലെ ഫാക്‌ടറിയിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം എന്ന് തുറക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവരിക്കാൻ ആയിട്ടില്ല. തീപിടിത്തത്തിൽ പ്രധാനപ്പെട്ട മെഷീൻ എല്ലാം കത്തി നശിച്ച കെപിപിഎല്ലിന്‍റെ ഭാവി എന്തെന്ന് ചോദ്യം അപകടത്തിന് പിന്നാലെ ഉയർന്നിരുന്നു. ഇതിനിടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. നാശനഷ്‌ടം പൂർണമായും വിലയിരുത്തിയ ശേഷം പരമാവധി വേഗത്തിൽ ഫാക്‌ടറി തുറന്നു പ്രവർത്തിക്കാൻ ആണ് തീരുമാനം. അതേസമയം മെഷീൻ വീണ്ടും നന്നാക്കി എടുക്കാൻ എന്തൊക്കെ സാധനങ്ങൾ വേണം എന്ന കാര്യത്തിൽ അന്തിമമായ വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ആയിരിക്കും തീയതി സംബന്ധിച്ച ധാരണകൾ വരുക. തീപിടിത്തത്തിന്‍റെ ദുരൂഹത നീക്കാൻ എല്ലാ തരത്തിലുമുള്ള പരിശോധനയും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഒക്‌ടോബർ അഞ്ചിനാണ് കോട്ടയത്തെ കെപിപിഎൽ ഫാക്‌ടറിയിൽ തീപിടിത്തമുണ്ടായത്. കോടികളുടെ നഷ്‌ടമാണ് അപകടത്തിൽ റിപ്പോർട്ട് ചെയ്‌തത്. അതേസമയം, മെഷീൻ പ്രവർത്തിപ്പിക്കാൻ പല ഭാഗങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും എന്നാണ് സൂചന. ഇത് വൈകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. എന്നിരുന്നാലും ഫാക്‌ടറിയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകാനുള്ള തീരുമാനമാണ് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നത്.