പച്ചക്കറി വിപണിയില്‍ സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമാവില്ല, ഓണച്ചന്തകള്‍ ഇത്തവണയുമുണ്ടാകും : പി പ്രസാദ് - kerala news updates
തിരുവനന്തപുരം : ഓണത്തിന് പച്ചക്കറി വിപണിയിൽ സാമ്പത്തിക പ്രതിസന്ധി പ്രശ്നമാവില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. മുൻ വർഷങ്ങളിലേത് പോലെ ഓണച്ചന്തകൾ ഈ വർഷവും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഹോർട്ടികോർപ്, കൃഷി ഭവൻ, ഇക്കോ ഷോപ്പ് എന്നിവ കേന്ദ്രീകരിച്ച് ചന്തകൾ പ്രവർത്തിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏതാനും പച്ചക്കറികൾ എത്തിക്കേണ്ടതുണ്ട്. ഉരുളക്കിഴങ്ങ്, സവാള പോലുള്ളവ ഇവിടെ ഉത്‌പാദിപ്പിക്കാന്‍ കഴിയില്ല. പച്ചക്കറികൾക്ക് വില കൂടുന്നതിന് കാരണം പ്രകൃതി ദുരന്തങ്ങളാണ്. എല്ലായിടത്തും ഉള്ള പ്രശ്‌നം തന്നെയാണ് കേരളവും അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു ഉത്‌പന്നത്തിൽ കേന്ദ്രീകരിക്കാതെ ശാശ്വതമായ പരിഹാരത്തിലേക്ക് നീങ്ങണം. ഇതിനായി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. കർഷകർക്കുള്ള കുടിശ്ശിക കൊടുത്ത് തീർക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവൺമെന്‍റ്. മുൻകാലങ്ങളിൽ ഉള്ള കുടിശ്ശികകള്‍ അടക്കം കൊടുത്ത് തീർക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ലിന്‍റെ കുടിശ്ശിക തീർക്കുന്നതുമായി ബന്ധപ്പെട്ട് എസ്എൽബിസിയുടെ കൺവീനർ എന്ന നിലയിൽ കാനറ ബാങ്കിന്‍റെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്‌ചയ്ക്കുള്ളിൽ പണം കൊടുക്കാൻ കഴിയുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ബാങ്കിന്‍റെ നടപടിക്രമങ്ങൾ ഉള്ളതിനാലാണ് വൈകുന്നത്. കർഷകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.