കേരളം

kerala

ചീഫ് ആര്‍ക്കിടെക്‌ട് ഓഫിസില്‍ മിന്നല്‍ പരിശോധന

ETV Bharat / videos

ചീഫ് ആര്‍ക്കിടെക്‌ട് ഓഫിസില്‍ മിന്നല്‍ പരിശോധന; ജീവനക്കാരില്ലാത്തതില്‍ ക്ഷോഭിച്ച് മന്ത്രി - Muhammed Riyas

By

Published : Mar 23, 2023, 2:19 PM IST

തിരുവനന്തപുരം:  പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്‌ട് ഓഫിസില്‍  പൊതുമരാമത്ത് വകുപ്പ്  മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന. ഓഫിസില്‍ ജീവനക്കാരെത്തുന്നതും ജോലി സംബന്ധമായും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയ്‌ക്ക് ശേഷവും ഓഫിസില്‍ ജീവനക്കാര്‍ എത്താത്തതില്‍ മന്ത്രി ക്ഷോഭിച്ചു. 

പരിശോധനയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് മന്ത്രി:  പൊതുമരാമത്ത് വകുപ്പിലെ തെറ്റായ പ്രവണതകളെ അംഗീകരിക്കാൻ കഴിയില്ലെന്ന്  മന്ത്രി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. താഴെ തട്ടിലുള്ളവര്‍ മുതല്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ  ജോലി സംബന്ധമായ കാര്യങ്ങള്‍ പരിശോധിക്കാനാണ് വകുപ്പിന്‍റെ തീരുമാനം. 

ജീവനക്കാരുടെ പഞ്ചിങ്ങിൽ അടക്കം വീഴ്‌ചയുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗങ്ങളിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നുവെന്ന് പറയുന്ന ഉദ്യോഗസ്ഥരാണ് ഈ വീഴ്‌ചയ്‌ക്ക് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാനാണ് ഈ ഓഫിസ് സംവിധാനം കൊണ്ട് വന്നത്. എന്നാൽ ഇത് പൂർണമായി നടപ്പിലാക്കുന്നതിൽ വീഴ്‌ചയുണ്ട്. 

ഓഫിസിലെ വിവിധ രജിസ്റ്ററുകൾ കൃത്യമായി അല്ല രേഖപ്പെടുത്തിയിരിക്കുന്നത്. പർച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഇന്‍റേണൽ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും  മന്ത്രി അറിയിച്ചു. ജീവനക്കാരുടെ അറ്റൻഡൻസ് അടക്കമുള്ള കാര്യങ്ങൾ പൊതുമരാമത്ത് സെക്രട്ടറി പരിശോധിച്ച് റിപ്പോർട്ട് നൽകും. ഇത്തരം തെറ്റായ പ്രവണതകളോട് ഒരു തരത്തിലുള്ള ഒത്ത് തീർപ്പിനും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. പരിശോധന നടന്നത് തിരുവനന്തപുരത്ത് മാത്രമാണെങ്കിലും ഇത് കാസർകോഡ് വരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കുമുള്ള മുന്നറിയിപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയുടെ പരിശോധനയും കണ്ടെത്തലുകളും:  പൊതുമരാമത്ത് സെക്രട്ടറി കെ ബിജു ഐഎസിനൊപ്പമായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. ഓഫിസിലെ ജീവനക്കാരുടെ വിവരങ്ങളും അവരുടെ അവധി സംബന്ധിച്ച രേഖകളും മന്ത്രി ആവശ്യപ്പെട്ടു. ഓഫിസിലെ ഓരോ ജീവനക്കാരുടെയും പേരെടുത്ത് എത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കിയായിരുന്നു മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പരിശോധന. 

അവധി നൽകാതെ ഓഫിസിൽ എത്താതിരുന്നവർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഓഫിസിലെത്തി പഞ്ച് ചെയ്തെങ്കിലും രജിസ്റ്ററിൽ ഒപ്പിടാത്തവരുടെ വിവരങ്ങളും സംഘം ശേഖരിച്ചു. പഞ്ച് സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാത്തതിലെ അപാകതയാണ് ജീവനക്കാർ ചൂഷണം ചെയ്യുന്നതെന്നും ഇതിന് പലതവണ നിർദ്ദേശം നൽകിയിട്ടും നടപ്പിലാക്കാൻ ഓഫിസ് അധികാരി നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി കണ്ടെത്തി. 

ജീവനക്കാരെ ന്യായീകരിക്കാൻ  ശ്രമിച്ച ചീഫ് ആർക്കിടെക്കിനെ മന്ത്രി ശാസിക്കുകയും ചെയ്‌തു. ജീവനക്കാരുടെ പഞ്ചിങ് സ്റ്റേറ്റ്‌മെന്‍റിനായി മന്ത്രി 20 മിനിറ്റോളം ഓഫിസില്‍ കാത്തിരിക്കേണ്ടി വന്നു. ഇതില്‍ മന്ത്രി ക്ഷുഭിതനായി. ജോലിക്ക് ഓഫിസില്‍ എത്തിയവരുടെയും എത്താത്തവരുടെയും വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് നൽകാൻ മന്ത്രി നിർദേശം നൽകി. 

ഓഫിസിലെ മൂവ്മെന്‍റ് രജിസ്റ്റർ, സ്റ്റോക്ക് രജിസ്റ്റർ, കാഷ് ഡിക്ലറേഷൻ രജിസ്റ്റർ എന്നിവയും മന്ത്രി പരിശോധിച്ചു. ഓഫിസിൽ രജിസ്റ്ററുകൾ കൃത്യമായല്ല പരിപാലിക്കുന്നതെന്ന് മന്ത്രി കണ്ടെത്തി. ഇക്കാര്യങ്ങളിൽ ആവശ്യമായ പരിശോധന നടത്തി കർശന നടപടിയെടുക്കാൻ പൊതുമരാമത്ത്  സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് മന്ത്രി പരിശോധന അവസാനിപ്പിച്ചത്. 

ABOUT THE AUTHOR

...view details