'ആളുകൾ അവരുടെ സംസ്‌കാരം അവരുടെ പ്രസ്‌താവനയിലൂടെ കാണിക്കും', കെ സുരേന്ദ്രനെ പരിഹസിച്ചും വിമർശിച്ചും മന്ത്രി റിയാസ്
തിരുവനന്തപുരം:കെ സുരേന്ദ്രൻ്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആളുകൾ അവരുടെ സംസ്‌കാരം അവരുടെ പ്രസ്‌താവനയിലൂടെ കാണിക്കുമെന്നും ആ പ്രസ്ഥാനത്തിലുള്ളവർ തന്നെ അതിനെ പറ്റി ചിന്തിക്കട്ടെയെന്നുമാണ് മുഹമ്മദ് റിയാസ് മറുപടി നൽകിയത്. സ്‌ത്രീ ശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്‌സിസ്റ്റ് പാർട്ടിയിലെ വനിതകൾ തടിച്ച് കൊഴുത്ത് പൂതനകളെ പോലെയായി എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ വിവാദ പരാമർശം.
ഞായറാഴ്‌ച തൃശൂരിൽ നടന്ന സ്‌ത്രീ ശാക്തീകരണ സമ്മേളനത്തിന് സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് കെ. സുരേന്ദ്രൻ വിവാദ പരാമർശം നടത്തിയത്. പരാമർശത്തിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനടക്കം പ്രതിഷേധവുമായി രംഗത്തു വന്നു. സിപിഎം എന്തുകൊണ്ട് പരാമർശത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് സുധാകരൻ ചോദിച്ചിരുന്നു.
എന്നാൽ വിവാദ പരാമർശത്തിനിടയിലും സിപിഎമ്മിനെതിരെ എങ്ങനെ വിഷയം തിരിക്കാം എന്നാണ് പ്രതിപക്ഷം ആലോചിക്കുന്നതെന്നും നാവുകൊണ്ട് യുദ്ധം ചെയ്യുന്നവരല്ല, ഗ്രൗണ്ട് ലെവലിൽ രാഷ്‌ട്രീയപരമായി നേരിടുന്നവരാണ് സിപിഎമ്മും ഇടതുപക്ഷ സംഘടനകളെന്നും മന്ത്രി റിയാസ് പറഞ്ഞു. അതേസമയം ബിജെപി ഉയർത്തുന്ന രാഷ്‌ട്രീയം സ്വന്തം പാർട്ടിയിൽ പോലും തുറന്ന് കാട്ടാൻ മടി കാട്ടുന്ന കോൺഗ്രസ് രാഷ്ട്രീയം നാടിനെ എവിടെയെത്തിക്കുമെന്ന് കോൺഗ്രസ് തന്നെ ആലോചിക്കണമെന്ന് റിയാസ് പറഞ്ഞു.
സുരേന്ദ്രന്‍റെ പരാമർശത്തില്‍ എ ഐ ഡി ഡബ്ല്യു എ ദേശീയ അധ്യക്ഷ പി കെ ശ്രീമതി എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി അനുശ്രീ എന്നിവർ പ്രതിഷേധo രേഖപ്പെടുത്തി. കെ സുരേന്ദ്രൻ മാപ്പ് പറയണമെന്നാണ് എസ്‌എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ പറഞ്ഞത്.