കേരളം

kerala

മന്ത്രി കെ രാധാകൃഷ്‌ണൻ

ETV Bharat / videos

അട്ടപ്പാടി മധു വധക്കേസ്, പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നു; മന്ത്രി കെ രാധാകൃഷ്‌ണൻ

By

Published : Apr 4, 2023, 2:43 PM IST

തിരുവനന്തപുരം :അട്ടപ്പാടി മധു വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നതായി മന്ത്രി കെ രാധാകൃഷ്‌ണൻ. വലിയ രീതിയിൽ അട്ടിമറി ശ്രമം നടത്തിയ കേസിലാണ് 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കുറ്റക്കാർക്ക് മതിയായ ശിക്ഷ ഉറപ്പാക്കാൻ തുടക്കം മുതൽ തന്നെ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സാക്ഷികളെ സ്വാധീനിക്കാൻ വലിയ ശ്രമമുണ്ടായി. സാക്ഷികൾക്ക് നേരെ ഭീഷണി വരെ ഉണ്ടായ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ, സർക്കാർ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകിയാണ് ഈ നീക്കങ്ങളെ തടഞ്ഞത്. ഇതിലൂടെ സാക്ഷികൾക്ക് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞു. ഇതുകൊണ്ട് മാത്രമാണ് പല സാക്ഷികളും കൂറു മാറുന്നത് തടയാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മധുവിന്‍റെ കുടുംബത്തിന് സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. ഇനിയും ഈ കുടുംബത്തിന് സംരക്ഷണവും നിയമ, സാമ്പത്തിക സഹായവും സർക്കാർ നൽകും. കേസ് നടത്തിയ അഭിഭാഷകന്‍റെ ഫീസ് പട്ടികവർഗ്ഗ വികസന വകുപ്പാണ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ കേസിനായി ഫണ്ട് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കേസിലെ പ്രതികൾ ഒരുതരത്തിലും രക്ഷപ്പെടരുത് എന്ന സർക്കാർ നിലപാടാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാടിനാകെ അപമാനം ഉണ്ടാക്കിയതാണ് മധുവിന്‍റെ ആൾക്കൂട്ട കൊലപാതകം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ആദിവാസികൾ ഉൾപ്പെടെ അവശതയുള്ള ആളുകളെ ആക്രമിക്കാനുള്ള വലിയ ഉത്സാഹം സമൂഹത്തിലുണ്ട്. ഇത്തരം രീതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു.

ABOUT THE AUTHOR

...view details