കേരളം

kerala

'അഖിലയുടെ ബാഡ്‌ജ് തെറ്റിദ്ധരിപ്പിക്കുന്നത്, സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി': ആന്‍റണി രാജു

By

Published : Apr 3, 2023, 4:16 PM IST

ഗതാഗത മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം:  വൈക്കം ഡിപ്പോയിലെ കണ്ടക്‌ടര്‍ അഖില എസ് നായരെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. അഖില ജോലി സമയത്ത് ധരിച്ച ബാഡ്‌ജ് വസ്‌തുത വിരുദ്ധമായിരുന്നു. അഖിലയ്‌ക്ക് വൈക്കം ഡിപ്പോയില്‍ തന്നെ തുടരാന്‍ സാധിക്കുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ സിഎംഡിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം റദ്ദാക്കിയുള്ള നടപടിയുണ്ടായതെന്നും മന്ത്രി അറിയിച്ചു.

തലസ്ഥാനത്ത് പുതിയ സ്വിഫ്‌റ്റ് ബസുകള്‍:  131 പുതിയ സ്വിഫ്റ്റ് ബസ് കൂടി മുഖ്യമന്ത്രി അടുത്ത ദിവസം ഫ്ലാഗ് ഓഫ് ചെയ്യും. നിലവില്‍ ഉള്ള 166 ബസുകൾക്കൊപ്പം ഈ ബസുകള്‍ കൂടി അടുത്ത ദിവസങ്ങളിലായി നിരത്തിലിറങ്ങും. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ എണ്ണം വര്‍ധിക്കും.  

സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആർടിസി ഡിപ്പോകളിലുമായി 72 ശുചിമുറികള്‍ നവീകരിച്ച് തുറന്ന് കൊടുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എടുത്ത തീരുമാന പ്രകാരം 5 ലക്ഷം രൂപ വരെ ഓരോ ശുചിമുറിയും നവീകരിക്കാൻ ചെലവാക്കി. പ്രാദേശിക അടിസ്ഥാനത്തിനുള്ള കമ്പനികളുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽ നോട്ടത്തിലും നവീകരണം നടത്തി. 93 ഡിപ്പോകളിലെ ശുചിമുറികള്‍ വൃത്തിയായി നിലനിർത്താൻ കാഷ്വൽ ജീവനക്കാരെ നിയോഗിച്ചു. സാമ്പത്തികമായ പരാധീനതകൾ ഉണ്ടെങ്കിലും നവീന ശുചിമുറികള്‍ നിലനിർത്തും. ഇതിന് നേതൃത്വം കൊടുത്ത വെൽഫയർ കമ്മിറ്റികളെയും മന്ത്രി അഭിനന്ദിച്ചു. 

കെഎസ്‌ആര്‍ടിസി സ്റ്റാന്‍റുകള്‍ അടക്കമുള്ള സ്റ്റാന്‍റുകളിലെ മുഴുവന്‍ ലൈറ്റുകളും മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കും. ഇത് വൃത്തിയായി നിലനിർത്താൻ പൊതുജനങ്ങളും സഹകരിക്കണം. 6 മാസത്തിനുള്ളിൽ മുഴുവന്‍ ഡിപ്പോകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ബസ് സ്റ്റാന്‍റുകളിലെ ഫ്രണ്ട് ഓഫിസ്, റിസർവേഷൻ കൗണ്ടർ, എൻക്വയറി കൗണ്ടർ എന്നിവയും സമീപത്തെ കിണറുകളും അതിനോടൊപ്പം നവീകരിക്കും. ഈ വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വിഴിഞ്ഞം, കണ്ണൂർ, ആറ്റിങ്ങൽ, കൊട്ടാരക്കര, തൃശൂർ എന്നീ സ്റ്റാന്‍റുകള്‍ പ്രീഫാബ്രിക്കേഷൻ രീതിയിൽ നവീകരിക്കും. കിഴക്കേക്കോട്ടയിൽ ഒന്നര കോടി രൂപ ചെലവാക്കി പാസഞ്ചേഴ്‌സ് അമിനിറ്റി സ്റ്റേ സെന്‍റര്‍ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കും. പ്ലാൻ ഫണ്ടിൽ നിന്നും ഇതിനുള്ള തുക കണ്ടെത്തുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. 

അഖിലയ്‌ക്ക് എതിരെ നടപടിയുണ്ടാകാനുണ്ടായ കാരണങ്ങള്‍:  ഡിസംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ 6 ദിവസം വൈകിയതിനെ തുടര്‍ന്ന് 41 ദിവസം ശമ്പളം മുടങ്ങിയെന്ന രീതിയില്‍ പ്രചരണം നടത്തി.  ജനുവരി 11 ന് വൈക്കം ഡിപ്പോയിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസിനിടയ്‌ക്ക് 'ശമ്പളരഹിത സേവനം 41ാം ദിവസം' എന്ന് എഴുതിയ ബാഡ്‌ജ് ധരിച്ചതാണ് അഖിലയെ സ്ഥലം മാറ്റാനുള്ള നടപടിയിലേക്ക് നയിച്ചത്. 

ബാഡ്‌ജ് ധരിച്ചതിനെതിരെ നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ബാഡ്‌ജ് ധരിച്ചത് തെറ്റായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നിരുന്നു. അഖിലയുടെ ബാഡ്‌ജ് ധരിച്ച ചിത്രവും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയായിരുന്നു നടപടിയെടുക്കാനുള്ള നീക്കമുണ്ടായത്. 

സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആരോപണങ്ങളുയര്‍ന്നു. എന്നാല്‍ ബാഡ്‌ജ് ധരിച്ചുവെന്നതിന്‍റെ പേരില്‍ സ്ഥലം മാറ്റുന്നത് ശരിയായ നടപടിയല്ലെന്നാണ് സിഎംഡിയുടെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് അഖിലയുടെ സ്ഥലം മാറ്റം റദ്ദാക്കിയത്. 

ABOUT THE AUTHOR

...view details