'കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ തമിഴ്‌നാടിന്‍റെ നിയന്ത്രണത്തില്‍, തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്': എകെ ശശീന്ദ്രന്‍
വയനാട്:അരിക്കൊമ്പൻ തമിഴ്‌നാടിൻ്റെ നിയന്ത്രണത്തിലാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. കേരള വനം വകുപ്പുമായി തമിഴ്‌നാട് സർക്കാർ ആശയ വിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ്റെ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനംവകുപ്പിൻ്റെ ആശയമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഉൾവനത്തിലേക്ക് അരിക്കൊമ്പനെ അയച്ചിട്ട് കാര്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കടന്ന ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി. നിലവില്‍ അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിലായതിനാൽ തീരുമാനം തമിഴ്‌നാട് സർക്കാരിന്‍റേതാണെന്നും മന്ത്രി പറഞ്ഞു.
കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വച്ചേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. മുമ്പ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.
ആയിരക്കണക്കിനാളുകൾ താമസിക്കുന്ന മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആനയെത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല.
കേരളത്തിലും തമിഴ്‌നാട്ടിലും വൻ വാർത്ത പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് ഒഴുകിയെത്തിയത്. കമ്പത്ത് പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് ആന. തമിഴ്‌നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ മയക്കുവെടി വച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്‌നാട് വനംവകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും വനംവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.