ഉമ്മന്‍ചാണ്ടി അനുസ്‌മരണ ചടങ്ങിലെ മൈക്ക് പ്രശ്‌നം: തടസം സംഭവിച്ചത് തിക്കും തിരക്കും മൂലമെന്ന് ഓപ്പറേറ്റര്‍ രഞ്ജിത്ത്
തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടി അനുസ്‌മരണ ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കില്‍ തടസം നേരിട്ടത് തിക്കും തിരക്കും മൂലമെന്ന് ഓപ്പറേറ്റര്‍ രഞ്ജിത്ത്. ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സംസാരിക്കാനായി എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കി. അപ്പോള്‍ ഉണ്ടായ ഉന്തിലും തള്ളിലും ഇവരുടെ കാലുകള്‍ കേബിളില്‍ കുരുങ്ങുകയും സൗണ്ട് ബോക്‌സ് മറിഞ്ഞുവീഴാന്‍ പോവുകയും ചെയ്‌തു. ഇതിനിടെ ഒരു ഫോട്ടോഗ്രാഫറുടെ ബാഗ് കണ്‍സോളിലേക്ക് വീണു. ഇതോടെ വോളിയം ഫുള്‍ ലെവലായി. 5-6 സെക്കന്‍ഡിനുള്ളില്‍ ടെക്‌നീഷ്യന്‍ ഇത് പരിഹരിക്കുകയും ചെയ്‌തെന്ന് ചടങ്ങില്‍ ശബ്ദവിന്യാസ ചുമതല ഏറ്റെടുത്ത രഞ്ജിത്ത് പറഞ്ഞു. ഇന്നലെ രാവിലെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചത്. സ്റ്റേഷനില്‍ എത്തി മൊഴി നല്‍കണമെന്നും ചടങ്ങില്‍ പ്രവര്‍ത്തിപ്പിച്ച മൈക്കും ആംപ്ലിഫയറും കേബിളുകളും ഹാജരാക്കണമെന്നും പൊലീസ് രഞ്ജിത്തിനെ അറിയിച്ചു. ഇലക്‌ട്രിക് വിങ്ങിന്‍റെ വിദഗ്‌ധ പരിശോധനക്ക് ശേഷം തിരികെ നല്‍കാമെന്നും രഞ്ജിത്തിനോട് പൊലീസ് പറഞ്ഞു. പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന 118 ഇ വകുപ്പ് ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഇന്നലെയാണ് (ജൂലൈ 25)കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധയാ കേസെടുത്തത്. കൃത്യമായ ക്രമീകരണം ഇല്ലാത്തത് കൊണ്ടാണ് അവിടെ അപ്രതീക്ഷിതമായി തിരക്കുണ്ടായത്. സാധാരണ ഇത്തരം തിരക്കുണ്ടാകുന്ന പരിപാടികളിൽ കയർ കെട്ടി തിരിച്ചുള്ള ക്രമീകരണങ്ങൾ നടത്താറുണ്ട്. എന്നാൽ എല്ലാവരും കൂടി ഇടിച്ച് കയറിയതാണ് തടസം ഉണ്ടാകാൻ കാരണം എന്ന് രഞ്ജിത്ത് പറഞ്ഞു. എഫ്ഐആർ രേഖപ്പെടുത്തിയെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം ഉപകരണങ്ങൾ ഇന്ന് തന്നെ തിരികെ നൽകാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും തുടർ നടപടികൾക്കായി ഫോണിൽ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചതായി രഞ്ജിത്ത് പറഞ്ഞു.