കേരളം

kerala

രഞ്ജിത്

ETV Bharat / videos

മൈക്ക് സെറ്റ് വിവാദം; തടിയൂരി സർക്കാർ, പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകി - രഞ്ജിത്

By

Published : Jul 26, 2023, 4:01 PM IST

തിരുവനന്തപുരം: മൈക്ക് സെറ്റ് വിവാദത്തിൽ പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകി, തടിയൂരി സർക്കാർ. കന്‍റോൺമെന്‍റ് പൊലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഉപകരണങ്ങൾ പിഡബ്ലിയുഡി ഓഫിസിലെത്തി എസ്‌വി സൗണ്ട്‌സ് ഉടമ രഞ്ജിത് ഏറ്റുവാങ്ങി. സംഭവത്തിൽ മറ്റു നടപടികൾ ഒന്നും ഉണ്ടാകില്ലെന്നും കേസ് എടുക്കില്ലെന്നും കാന്‍റോൺമെന്‍റ് സിഐ ഉറപ്പ് നൽകിയതായി രഞ്ജിത് പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പിലെ ഇലക്‌ട്രോണിക് വിഭാഗത്തിലായിരുന്നു ഉപകരണങ്ങൾ പരിശോധനയ്‌ക്ക് അയച്ചത്. സംഭവം വിവാദമായതോടെ പരിശോധന പൂർത്തിയാക്കി ഉപകരണങ്ങൾ തിരികെ വിട്ടുനൽകുകയായിരുന്നു. രഞ്ജിത്തിനെ വിളിച്ചു വരുത്തി പ്രവർത്തിപ്പിച്ച് നോക്കിയാണ് പരിശോധന പൂർത്തിയാക്കിയത്. 

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിൽ നിന്നുണ്ടായ ഹൗളിംഗ് മനഃപൂർവ്വം ഉണ്ടാക്കിയതല്ലെന്ന് പരിശോധനയിൽ തെളിഞ്ഞുവെന്ന് അറിയിച്ചതായി രഞ്ജിത് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത ഉപകരണങ്ങൾ മുഴുവൻ തിരികെ നൽകിയതായി രഞ്ജിത് ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 12:30ഓടെയാണ് പിഎംജി ജംങ്‌ഷനിലെ പിഡബ്ലിയുഡി ഓഫിസിൽ രഞ്ജിത്ത് എത്തിയത്. വിദഗ്‌ധ പരിശോധനയ്‌ക്കായിരുന്നു സ്റ്റേഷനിൽ മൈക്കും ആംപ്ലിഫയറും കേബിളും ഹാജരാക്കിയത്.

അതേസമയം തിക്കിലും തിരക്കിലും പെട്ട് കേബിളുകൾ കുരുങ്ങിയാണ് മൈക്കിൽ ഹൗളിംഗ് ഉണ്ടായതെന്ന് രഞ്ജിത് രാവിലെ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ മറ്റ് നടപടികൾ ഒന്നും കൈകൊള്ളരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിന് നിർദേശം നൽകിയിരുന്നു. 

ABOUT THE AUTHOR

...view details