വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടം ആവര്‍ത്തിച്ച് എംജി സർവകലാശാലയുടെ പെൺകരുത്ത് - Mahatma Gandhi University
Published : Jan 16, 2024, 7:15 PM IST
കോട്ടയം: അഖിലേന്ത്യാ അന്തർ സർവകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം മഹാത്മാ ഗാന്ധി സർവകലാശാലയ്‌ക്ക് സ്വന്തം. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഇത്തവണത്തെ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതോടെ മഹാത്മാ ഗാന്ധി സർവകലാശാലയ്‌ക്ക് ഇത് 22-ാം കീരിട നേട്ടം. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ബംഗാളിലെ അഡാമസ് സർവകലാശാലയെയാണ് കലാശപ്പോരാട്ടത്തിൽ പാലാ അൽഫോൻസാ കോളജിലെ നിവേദിത ജയന്‍റെ നേതൃത്വത്തിലുള്ള ടീം തകർത്തത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ടീമിന് ഊഷ്‌മള വരവേൽപ്പാണ് നൽകിയത്. സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ടി അരവിന്ദകുമാറും സിൻഡിക്കേറ്റിലെ മറ്റ് അംഗങ്ങളും കിരീടധാരികളെ സ്വീകരിയ്‌ക്കാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സിൻഡിക്കേറ്റ് യോഗം താത്കാലികമായി നിർത്തി വച്ചാണ് ഇവർ ടീമിനെ വരവേൽക്കാൻ എത്തിയത്. ട്രെയിനിൽ നിന്നിറങ്ങിയ താരങ്ങളെ കരഘോഷത്തോടെ സ്വീകരിച്ച് പൂക്കളും മധുരവും സമ്മാനിച്ചു. സർവകലാശാലായുടെ നാൽപ്പതാം വാർഷികാഘോഷത്തിന് മാറ്റുകൂട്ടുന്ന നേട്ടമാണിതെന്ന് വൈസ് ചാൻസലർ പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അഡ്വ. റെജി സക്കറിയ, ഡോ. എ. ജോസ്, ഡോ. ബിജു തോമസ്, രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.