Video: എല്ലാം സിനിമ സ്റ്റൈലില്‍: എംഡിഎംഎയുമായി കാറില്‍...പൊലീസിന്‍റെ ചെയ്‌സിങും അറസ്റ്റും - എംഡിഎംഎ കാറില്‍ കടത്താൻ ശ്രമം
Published : Dec 21, 2023, 2:04 PM IST
കാസർകോട്: മാരക ലഹരി മരുന്നായ എംഡിഎംഎ കാറില്‍ കടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയത് സിനിമ സ്റ്റൈൽ ചെയ്‌സിങ്ങിലൂടെ. കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശി അർഷാദിനെയാണ് ഹോസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന പ്രതി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് മഫ്‌തിയിലെത്തിയ പൊലീസ് സംഘം കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അർഷാദ് സഞ്ചരിച്ച കാറിൽ നിന്ന് 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. പിന്നാലെയെത്തി പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കാർ പിന്നോട്ടെടുത്തു. പക്ഷേ പിന്നാലെ എത്തിയ വാഹനത്തില്‍ ഇടിച്ചതിനെ തുടർന്ന് വാഹനം നിർത്തി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നേരത്തെ ഹോസ്ദുർഗ്, പയ്യന്നൂർ സ്റ്റേഷനുകളിൽ ലഹരി കടത്ത് കേസുകളുണ്ട്.
കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന അർഷാദ് അടിത്തിടെയാണ് പുറത്തിറങ്ങിയത്. പൊലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രേം സദൻ, എസ് ഐ വിശാഖ് പൊലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ് കിഷോർ, ഷൈജു പ്രണവ്, ഷിജിത് എന്നിവർ ഉണ്ടായിരുന്നു.