Mavelikkara murder| നാടിന്‍റെ കണ്ണീരോർമ്മയായി അമ്മയ്‌ക്കരികിലേക്ക് കുഞ്ഞു നക്ഷത്രയും മടങ്ങി - ശ്രീമഹേഷ്
ആലപ്പുഴ: നാടിന്‍റെ കണ്ണീരോർമയായി അമ്മയ്‌ക്കരികിലേക്ക് കുഞ്ഞു നക്ഷത്രയും മടങ്ങി. മാവേലിക്കര പുന്നമൂട്ടിൽ പിതാവ് വെട്ടി കൊലപ്പെടുത്തിയ ആറുവയസുകാരി നക്ഷത്രയുടെ മൃതദേഹം സംസ്‌കരിച്ചു. നക്ഷത്രയുടെ മരിച്ചുപോയ മാതാവ് വിദ്യയുടെ കായംകുളം പത്തിയൂരുള്ള വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്.
അതേസമയം, കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീമഹേഷ് ലക്ഷ്യമിട്ടത് കൂട്ടക്കൊലയ്‌ക്കാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജൂണ്‍ ഏഴിന് വൈകിട്ടായിരുന്നു ശ്രീമഹേഷ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. മകള്‍ നക്ഷത്രയ്‌ക്ക് പുറമെ ഇയാളുടെ മാതാവ് സുനന്ദ, ശ്രീമഹേഷിന് പുനര്‍വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയും കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.
മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. പ്രതി ശ്രീമഹേഷിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌താണ് ഇയാള്‍ സംഭവ ദിവസം വീട്ടിലെത്തിയത്. കൂട്ടക്കൊല നടത്താനായി പ്രതി ഓണ്‍ലൈനില്‍ മഴു ഓര്‍ഡര്‍ ചെയ്‌തെങ്കിലും അത് ലഭിക്കാതെ വന്നതോടെ പ്രത്യേകം പറഞ്ഞു ചെയ്യിക്കുകയായിരുന്നു. ഈ മഴു ഉപയോഗിച്ചായിരുന്നു മകള്‍ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.
ശബ്‌ദം കേട്ട് ഓടിയെത്തിയ ഇയാളുടെ അമ്മയേയും ശ്രീമഹേഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് നക്ഷത്രയുടെ മരണത്തിന് കാരണമായത്.