Attappadi| അട്ടപ്പാടിയിൽ ഡോക്‌ടർമാർക്ക് കൂട്ട സ്ഥലമാറ്റം, പകരം സംവിധാനം ഏർപ്പെടുത്താതെ അധികൃതർ
പാലക്കാട് : അട്ടപ്പാടിയിൽ ഡോക്‌ടർമാർക്ക് കൂട്ട സ്ഥലമാറ്റം. പുതിയ ഉത്തരവ് പ്രകാരം അഗളിയിലും കോട്ടത്തറയിലുമായി സ്ഥലം മാറിപ്പോകുന്നത് 14 ഡോക്‌ടർമാരാണ്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് ഏഴ് പേരും, അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഏഴ് പേരുമാണ് സ്ഥലംമാറി പോകുന്നത്. പകരം പുതിയ ഡോക്‌ടർമാർ എത്താത്തതിനെത്തുടർന്ന് ആദിവാസികളടക്കമുള്ള രോഗികൾ ദുരിതത്തിലാണ്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഏഴ് പേരിൽ അഞ്ച് പേർ ഇതിനോടകം സ്ഥലംമാറി പോയി. ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്‌ധരും സ്ഥലംമാറ്റ പട്ടികയിലുണ്ട്. കോട്ടത്തറ ആശുപത്രിയിൽ നാല് ശിശുരോഗ വിദഗ്‌ധർ വേണ്ട സ്ഥലത്ത് മൂന്ന് പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ മൂന്ന് ദിവസം മുൻപ് സ്ഥലംമാറി പോയി. ഗൈനക്കോളജിസ്റ്റും സ്ഥലംമാറി പോകാനിരിക്കുകയാണ്.
കോട്ടത്തറ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധർ സ്ഥലംമാറി പോയതോടെ ഒരു ഡോക്‌ടർ 24 മണിക്കൂറും ജോലിയിൽ തുടരേണ്ട അവസ്ഥയാണ്. നിലവിൽ ഡോക്‌ടർമാരുടെ സേവനം ലഭിക്കാത്തതിനെത്തുടർന്ന് രോഗികളെ മറ്റുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ ശിശു മരണം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡോക്‌ടർമാരെ കൂട്ടമായി സ്ഥലംമാറ്റുന്നത്. ഒരാഴ്‌ചക്കുള്ളിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്നാണ് അധികൃതർ പറയുന്നത്.