Oommen Chandy | കുഞ്ഞൂഞ്ഞില്ലാത്ത ആദ്യ ഞായർ കുർബാന ; പ്രിയ നേതാവിന്‍റെ ഓർമകളിൽ നിറഞ്ഞ് പുതുപ്പള്ളി പള്ളി - Mass at Puthupally Church
കോട്ടയം :ഉമ്മൻ ചാണ്ടിയുടെ വേർപാടിന് ശേഷമുള്ള ആദ്യ ഞായർ കുർബാന കൂടി അദ്ദേഹത്തിന്‍റെ ഇടവക പള്ളിയായ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളി. പ്രിയ നേതാവിന്‍റെ വിയോഗത്തിന് ശേഷം നടന്ന ആദ്യ കുർബാനയിൽ നിരവധി പേരാണ് പങ്കെടുത്തത്. ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിലും സന്ദർശനം നടത്തിയാണ് ആളുകള്‍ മടങ്ങിയത്. മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലെ കുർബാന മുടക്കിയിട്ടില്ല. എത്ര തിരക്കുകൾ ഉണ്ടെങ്കിലും ഞായറാഴ്‌ച നടക്കുന്ന കുർബാനയ്ക്ക് നിർബന്ധമായി പങ്കെടുക്കണമെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു. അസുഖം അലട്ടിയപ്പോഴും അദ്ദേഹം ഞായറാഴ്‌ചയിലെ കുർബാനകൾ മുടക്കിയിട്ടില്ല. രോഗത്തിന്‍റെ തീവ്രത കാരണം ബെംഗളൂരുവിലേക്ക് ചികിത്സാർഥം മാറി നിന്നപ്പോൾ മാത്രമാണ് പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്‌ച കുർബാനയ്ക്ക് മുടക്കം വന്നത്. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കാൻ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും അതിരാവിലെ മുതൽ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച് മടങ്ങിയത്. കുർബാനയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും കബറിടത്തിൽ പ്രാർഥന നടത്തി. പ്രിയപ്പെട്ട നേതാവ് ശരീരം കൊണ്ട് വിടവാങ്ങിയിട്ടും അദ്ദേഹത്തിന്‍റെ ഓർമ്മകൾ സജീവമാണ് എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഇവിടെയെത്തുന്ന സന്ദർശകരുടെ എണ്ണം.