വ്യാജ പ്രചരണം; സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്‌ട കേസുമായി മറിയക്കുട്ടി
Published : Nov 23, 2023, 8:01 PM IST
ഇടുക്കി:തനിക്കെതിരെയുണ്ടായ വ്യാജ സൈബര്‍ പ്രചാരണത്തില്‍ സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌ത് അടിമാലി സ്വദേശിനി മറിയക്കുട്ടി. പത്രത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പത്ത് പേര്‍ക്കെതിരെയാണ് അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മറിയക്കുട്ടി പരാതി നല്‍കിയത്. പത്രത്തിലൂടെ പ്രചരിപ്പിച്ചത് അവാസ്‌തവവും വ്യാജ പ്രചാരണവുമാണെന്ന് മറിയക്കുട്ടി പറയുന്നു. തന്‍റെ പേരില്‍ ഇല്ലാത്ത സ്വത്തുവകകള്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തുകയാണുണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തി. വ്യാജ പ്രചരണം തനിക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചത്. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് അടിമാലി സ്വദേശിനിയായ മറിയക്കുട്ടി (87), അന്ന ഔസേപ്പ് (80) എന്നിവര്‍ പ്രതിഷേധ സൂചകമായി സമരം നടത്തിയിരുന്നു. അടിമാലിയില്‍ ഭിക്ഷ യാചിച്ചാണ് ഇരുവരും സമരം നടത്തിയത്. സമര വാര്‍ത്തകള്‍ മാധ്യമ ശ്രദ്ധ നേടുകയും ചെയ്‌തു. ഇതിന് പിന്നാലെ മറിയക്കുട്ടിക്ക് വലിയ ആസ്‌തിയുണ്ടെന്ന് കാണിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. മന്നാങ്കണ്ടം വില്ലേജ് പരിധിയിലെ പഴമ്പള്ളിച്ചാലില്‍ മറിയക്കുട്ടിക്ക് സ്വന്തമായി ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒരെണ്ണം വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണെന്നുമാണ് പത്രത്തില്‍ നല്‍കിയ വാര്‍ത്ത. മറിയക്കുട്ടിയുടെ നാല് പെണ്‍മക്കളും നല്ല സാമ്പത്തിക സ്ഥിതിയിലാണെന്നും പത്രത്തിലൂടെ പ്രചരിപ്പിച്ചിരുന്നു. പത്രത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ തനിക്ക് സ്വത്തുവകകള്‍ ഉണ്ടെങ്കില്‍ രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫിസിലെത്തി അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച വില്ലേജ് ഓഫിസര്‍ മന്നാങ്കണ്ടം വില്ലേജില്‍ ഒരിടത്തും മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയില്ലെന്നുള്ള റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പത്രത്തിനെതിരെ മറിയക്കുട്ടി കോടതിയെ സമീപിച്ചത്.