ഇരിട്ടിയില്‍ തോക്കുമായി മാവോയിസ്‌റ്റ് പ്രകടനം ; പ്രസംഗവും പോസ്‌റ്റര്‍ ഒട്ടിക്കലും, സാധനങ്ങള്‍ വാങ്ങി മടക്കം - കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത
കണ്ണൂർ : ഇരിട്ടി എടപ്പുഴയിൽ സായുധരായ അഞ്ചംഗ മാവോയിസ്‌റ്റ് സംഘം പ്രകടനം നടത്തി. അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിലാണ് സംഭവം. തോക്കുകൾ കയ്യിലേന്തി എത്തിയ അഞ്ചംഗ സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയായിരുന്നു. ടൗണിൽ പ്രസംഗിച്ച ശേഷം പോസ്‌റ്റര്‍ ഒട്ടിച്ചാണ് ഇവര്‍ മടങ്ങിയത്.
തിങ്കളാഴ്‌ച(19.06.2023) വൈകുന്നേരം ആറുമണിയോടെ ഇവര്‍ എത്തി കൈപ്പടയിൽ എഴുതിയ പോസ്‌റ്റർ ഒട്ടിച്ച ശേഷം വന്ന വഴിക്കുതന്നെ തിരിച്ചുപോവുകയായിരുന്നു. എടപ്പുഴ കുരിശുമല റോഡിൽ നിന്ന് എത്തിയ സംഘം ടൗണിൽ 300 മീറ്ററോളം ദൂരമാണ് പ്രകടനം നടത്തിയത്.
വെളിച്ചം മൗലികാവകാശമാണ്. വെളിച്ചം തടയുന്ന ശക്തികൾക്കെതിരെ സംഘം ചേരുക എന്നെഴുതിയ ലഘുലേഖ നൽകുകയും ഒട്ടിക്കുകയും ചെയ്‌തു. ഇരുപത് മിനിറ്റോളം ടൗണിൽ തങ്ങിയ സംഘം റേഷൻ വെട്ടിക്കുറച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രസംഗിച്ചത്. ഈ സമയത്ത് മുപ്പതോളം നാട്ടുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. രണ്ട് കടകളിൽ നിന്നായി പച്ചരി, ഓയിൽ, റൊട്ടി അടക്കമുള്ള സാധനങ്ങളും വാങ്ങിയാണ് വന്ന വഴിക്കുതന്നെ ഇവര്‍ മടങ്ങിയത്.
സിപിഐ മാവോയിസ്‌റ്റ് കബനീദളത്തിന്‍റെ പേരിലാണ് പോസ്റ്ററും ലഘുലേഖയും. സി പി മൊയ്‌തീന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. സി പി മൊയ്‌തീനാണ് മുദ്രാവാക്യം വിളിക്കാന്‍ നേതൃത്വം നല്‍കിയതും പ്രസംഗിച്ചതും. തിരിച്ചുപോകുന്നതിന് മുന്നേ തങ്ങളെ ഓട്ടോറിക്ഷയിൽ കൊണ്ട് വിടാൻ പറ്റുമോ എന്ന് ഇവർ ചോദിച്ചിരുന്നു.
കഴിഞ്ഞ മാസം അയ്യങ്കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയിലെയും തുടിമരത്തെയും വീടുകളിൽ ഇതേ സംഘം എത്തിയിരുന്നു. അതിനും ഒരു മാസം മുൻപ് ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും ഇവർ എത്തിയിരുന്നു.