ഉദ്യോഗസ്ഥരുടെ ഒത്തുകളിയെന്ന്; മന്നാംകണ്ടത്ത് കുടിയൊഴിപ്പിച്ച 5 കുടുംബങ്ങള്‍ പെരുവഴിയില്‍
Published : Dec 5, 2023, 11:17 AM IST
ഇടുക്കി: മന്നാങ്കണ്ടം വില്ലേജിലെ പെരുമന്‍ചാലില്‍ നിന്നും കുടിയിറക്കിയ ശേഷം മറയൂരില്‍ ഭൂമി നല്‍കിയ 27 കര്‍ഷകരില്‍ 5 പേര്‍ക്ക് ഇനിയും സ്ഥലം വിട്ടു കിട്ടിയിട്ടില്ലെന്ന് പരാതി. വിവിധ കാരണങ്ങളാല്‍ ഹിയറിങിന് ദേവികുളത്ത് എത്താന്‍ സാധിക്കാത്ത അഞ്ച് കര്‍ഷകർക്കാണ് ഭൂമി ലഭിക്കാത്തത്. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയും ചില റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് വിവിധ കാരണങ്ങള്‍ പറഞ്ഞ് ഭൂമി വിട്ടു നല്‍കാതെ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആരോപണം. രണ്ട് ക്യാബിനറ്റ് ഉത്തരവുകളും, അഞ്ച് ഹൈക്കോടതി ഉത്തരവുകളും ഉണ്ടായിട്ടും അവകാശപ്പെട്ട ഭൂമി ഇതുവരെയും വിട്ടുനൽകിയിട്ടില്ലെന്ന് കർഷകർ പറയുന്നു. മറയൂര്‍ ബാബുനഗറില്‍ ഇവര്‍ക്ക് നല്‍കിയ ഭൂമി പഞ്ചായത്തിന്‍റേതാക്കാൻ വ്യാജ പട്ടയം ഉണ്ടാക്കിയതാണെന്നും കേരളത്തിന് പുറത്തുള്ള വന്‍കിട മുതലാളിമാര്‍ക്ക് വില്‍ക്കാൻ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണെന്നും പട്ടയ സംബന്ധമായ രേഖകൾ വില്ലേജിലും താലൂക്ക് ഓഫീസിലും മാത്രമായി സൂക്ഷിക്കുകയാണെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് ഭൂമി വിട്ടു നല്‍കണമെന്ന് ആവശ്യപെട്ട് അഖിലേന്ത്യ കിസാന്‍ സഭ സര്‍ക്കാരിലും ഹൈക്കോടതിയിലും പരാതി നല്‍കി അനുകൂല വിധി നേടിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയില്‍പ്പെട്ടവരും റവന്യു ജീവനക്കാരും തമ്മിലുള്ള ഒത്തുകളിയാണ് വ്യാജ പട്ടയത്തിന് പിന്നിലെന്ന് കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം കെഎം ജെയിംസ് പറഞ്ഞു. സ്ഥലം ലഭിക്കാനുള്ള കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്ത് പരിശോധനക്ക് വന്ന ഡെപ്യൂട്ടി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥലം അളന്നു തിരിക്കാതിരിക്കാനും വേണ്ടി പഞ്ചായത്ത് പ്രസിഡന്റിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് പ്രതികരണവുമായി കിസാന്‍സഭ ജില്ല കമ്മിറ്റിയംഗം രംഗത്തെത്തിയത്.