കേരളം

kerala

Manipur violence

ETV Bharat / videos

Manipur violence: 'കലാപത്തിന് ഉത്തരവാദികള്‍ ആർഎസ്എസും ബിജെപിയും'; സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ലെന്ന് എംവി ഗോവിന്ദന്‍

By

Published : Jun 18, 2023, 6:00 PM IST

തിരുവനന്തപുരം: ആർഎസ്എസും സംസ്ഥാന - കേന്ദ്ര ബിജെപി സർക്കാരുകളുമാണ് മണിപ്പൂരിലെ കലാപത്തിന് ഉത്തരവാദികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കലാപം ആരംഭിച്ചിട്ട് ഇത്ര ആഴ്‌ച കഴിഞ്ഞിട്ടും സർക്കാർ എന്ന നിലയിൽ ഫലപ്രദമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ജനകീയ ഐക്യമാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. എന്നാൽ, ആർഎസ്എസിന്‍റേയും ബിജെപിയുടെയും സംഘപരിവാറിന്‍റേയും അജണ്ട പരമാവധി കലാപങ്ങൾ ഉണ്ടാക്കുക എന്നതാണെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മണിപ്പൂരില്‍ മാത്രമല്ല, ഉത്തർ പ്രദേശ്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വിവിധ പേരുകളിൽ കലാപങ്ങൾക്ക് വഴിമരുന്നിട്ടുകൊടുക്കുന്ന സ്ഥിതിയാണുള്ളത്. 2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശവ്യാപക കലാപത്തിനായുള്ള കൊടി ഉയർത്തുകയാണ് സംഘപരിവാർ. കേന്ദ്രം വായ്‌പാപരിധി കുറച്ചത് മൂലം കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം നൽകേണ്ടിയിരുന്ന 40,000 കോടിയോളം രൂപ നൽകാതിരുന്നിട്ടും മികച്ച മാനേജ്മെന്‍റ് സിസ്റ്റത്തിലൂടെ സാമ്പത്തിക രംഗം കൈകാര്യം ചെയ്‌ത് ട്രഷറി പൂട്ടാതെ സംസ്ഥാനത്തിന് സ്ഥിരമായ വളർച്ചയിലൂടെ മുന്നോട്ട് പോകാനായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ വിമർശനം: കെ ഫോൺ, എഐ ക്യാമറ പദ്ധതികൾ ജനങ്ങളുടെ മനസിൽ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആഗ്രഹമെന്ന് എംവി ഗോവിന്ദന്‍. ഇതിനായി ബോധപൂർവവും ആസൂത്രിതവുമായ കാഴ്‌ചപ്പാട് യുഡിഎഫും ബിജെപിയും ഒരുപോലെ ആസൂത്രണം ചെയ്‌ത് മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി ചെയ്യുകയാണ്. കെ ഫോൺ പദ്ധതിയിലെ ചൈനീസ് കേബിൾ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ലോകത്ത് ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട എന്തിലാണ് ചൈനീസ് അനുബന്ധമായ കാര്യങ്ങൾ ഇല്ലാത്തതെന്നായിരുന്നു ഗോവിന്ദൻ്റെ മറുചോദ്യം. 

എന്തും വിളിച്ചുപറയാവുന്ന സ്ഥിതിയാണ് ഇപ്പോൾ. ഒരു വികസന പ്രവർത്തനവും അംഗീകരിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അത് കേരളവുമായി താരതമ്യം ചെയ്യാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. പത്ര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, മോന്‍സൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഗുരുതര ആരോപണമാണ് എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. മോന്‍സൺ മാവുങ്കൽ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിരുന്നു എന്നാണ് എംവി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിൽ വായിച്ച വിവരവുമാണ് താൻ പറയുന്നതെന്നും സുധാകരനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണം തള്ളി കെ സുധാകരന്‍ രംഗത്തെത്തി.

ABOUT THE AUTHOR

...view details