Wild Varieties: 'കടുവയും രാജവെമ്പാലയും മുതല്‍ വംശനാശ ഭീഷണി നേരിടുന്ന 'ഡോള്‍' വരെ; വന്യതയുടെ കളിത്തൊട്ടിലായി പിലിക്കുള മൃഗശാല
മംഗളൂരു:മൃഗങ്ങളുടെ പ്രജനനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാജ്യത്തെ ഏറ്റവും വലിയ 17 മൃഗശാലകളിലൊന്നായ മംഗളൂരുവിലെ പിലിക്കുള ബയോളജിക്കൽ പാർക്ക്. കടുവ, ചെന്നായ, രാജവെമ്പാല, റിയ പക്ഷി എന്നിവയുടെ അപൂര്‍വയിനങ്ങള്‍ക്ക് പ്രജനന സൗകര്യമൊരുക്കിയാണ് പിലിക്കുള ഈ ബഹുമതിയ്‌ക്ക് അര്‍ഹത നേടിയത്. രാജ്യത്തെ അംഗീകൃത മൃഗശാലകളില്‍ ഏറ്റവും വലിയ 17 എണ്ണത്തില്‍ ഒന്നാണ് 150 ഏക്കര്‍ വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന പിലിക്കുള മൃഗശാല.
മൃഗങ്ങളും പക്ഷികളുമായി ഇതുവരെ 475 ജീവജാലങ്ങളെയാണ് പിലിക്കുള മൃഗശാല വളര്‍ത്തിയെടുത്തിട്ടുള്ളത്. ഇതില്‍ തന്നെ 15 ലധികം കടുവ കുഞ്ഞുങ്ങളുമുണ്ട്. നിലവില്‍ 12 കടുവകളാണ് ഇവിടെയുള്ളതെങ്കില്‍, ബാക്കിയുള്ളവയെ ചെന്നൈ, റിലയൻസ്, ബന്നാർഘട്ട തുടങ്ങിയ മൃഗശാലകളിലേക്ക് മാറ്റിയിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മൃഗശാലയിലുള്ള വംശനാശ ഭീഷണി നേരിടുന്ന 'ഡോള്‍' എന്നയിനം ചെന്നായയെ പിലിക്കുള വളര്‍ത്തി പരിപാലിച്ചതാണ്. മാത്രമല്ല ഇതിനോടകം 30 ഓളം ചെന്നായകളെ പ്രജനനത്തിന് പിലിക്കുള സാക്ഷിയുമാണ്.
രാജവെമ്പാലകളുടെ സ്വന്തം: രാജ്യത്ത് ആദ്യമായൊരു രാജവെമ്പാലയുടെ പ്രജനനം ശാസ്‌ത്രീയമായി നടക്കുന്നത് പിലിക്കുളയിലാണ്. അത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഇതുവരെ 180 രാജവെമ്പാലകള്‍ക്ക് പിലിക്കുള കളിത്തൊട്ടിലുമായി. എന്നാല്‍ നിലവില്‍ ഇവിടെ 15 രാജവെമ്പാലകളാണുള്ളത്.
എന്തുകൊണ്ട് 'പിലിക്കുള': അപൂർവയിനം ജന്തുജാലങ്ങളുടെ പ്രജനനത്തിന് പിലിക്കുള കാരണമായത് പ്രധാനമായും ഇവിടത്തെ അനുകൂലമായ കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്ക് പോലും സംരക്ഷണത്തിനും പ്രജനനത്തിനും പിലിക്കുള മൃഗശാല സാക്ഷിയായി. ഇതുകൂടാതെ മറ്റ് മൃഗശാലകളിൽ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രജനന കേന്ദ്രം കൂടിയാണ് ഇവിടം. പ്രധാനമായും കടുവ, സിംഹം, പുള്ളിപ്പുലി, ചെന്നായകള്‍, ഹൈന, കുറുക്കൻ, ഹിപ്പോ, മുതല, ആമ, പക്ഷികൾ, മാൻ, കൃഷ്ണമൃഗം, മംഗൂസ്, ചാര ചെന്നായകള്‍, അണ്ണാൻ തുടങ്ങി 1,440 ഓളം മൃഗങ്ങളും പക്ഷികളും ഈ മൃഗശാലയിലുണ്ട്.