വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ; പിടികൂടിയത് സാഹസികമായി - അഗ്നിക്ക് ഇരയാക്കി
കണ്ണൂർ : വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി. ഇയാളെ പൊലീസ് പിടികൂടിയത് സാഹസികമായി. പുതിയ തെരു സ്വദേശി ചാണ്ടി ഷെമീം ആണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഇയാൾ തീയിട്ടത്.
ആരെങ്കിലും മനഃപൂർവം തീകൊളുത്തിയതാണോ എന്ന സംശയത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്. വിവിധ കേസുകളിലായി പിടിച്ചെടുത്ത അഞ്ച് വാഹനങ്ങൾ ആണ് അഗ്നിക്ക് ഇരയാക്കിയത്. സംശയത്തിന്‍റെ മുനയിലായിരുന്ന ഷെമീം ഒളിവിൽ കഴിയുകയായിരുന്നു.
മണിക്കൂറുൾ നീണ്ട തെരച്ചിലിനൊടുവിൽ പുതിയ തെരുവിലെ തന്നെ ഒരു ഇരുനില കെട്ടിടത്തിനകത്തുനിന്ന് രാവിലെയാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. ഇന്നലെ ഷമീമിന്‍റെ സഹോദരൻ ഷംസീനിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനായിരുന്നു കേസ്.
ഇതിന് പ്രതികാരമായി സ്റ്റേഷനിൽ എത്തി ഷമീം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഷമീം വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് പറയുന്നു. ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായി കത്തി. ഒരു സ്‌കൂട്ടറും കാറും ഭാഗികമായും കത്തി നശിച്ചു.