കോട്ടയത്തെ കെഎസ്‌ആർടിസി ഡിപ്പോകളിൽ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ - bomb threat in kottayam KSRTC depots
കോട്ടയം:ജില്ലയിലെ കെഎസ്‌ആർടിസി ഡിപ്പോകളിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. പാലാ സ്വദേശി ജെയിംസ് പാമ്പയ്‌ക്കലിനെയാണ് പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്‌ചയാണ് പാലാ, കോട്ടയം കെ എസ് ആർ ടി സി ഡിപ്പോകളിൽ ബോംബ് വയ്‌ക്കുമെന്ന ഭീഷണി ഉയർത്തിയ കത്ത് കോട്ടയം ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർക്ക് ഓഫിസിൽ നിന്നും ലഭിക്കുന്നത്.
തുടർന്ന് അധികൃതർ ഈ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്റ്റാൻഡിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്‌ക്കുമെന്ന് ഭീഷണി കത്തിൽ പറയുന്നുണ്ട്. ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി.
കത്ത് ലഭിച്ചതിനു പിന്നാലെ സ്‌റ്റേഷൻ ജീവനക്കാർ അടക്കം പരിഭ്രാന്തരായി മാറി. ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കകം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കത്തുകളും പൊലീസിനു കൈമാറി. രണ്ടിലും പാല കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉണ്ടായിരുന്നത്.