തെങ്ങിൽ കയറി, തേങ്ങ തലയിൽ വീണു, പിന്നെ കാൽവഴുതി തലകീഴായി കിടന്നു; തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് അഗ്നിരക്ഷാ സേന
കോഴിക്കോട് : തേങ്ങയിടാൻ കയറിയതിനിടെ തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മുക്കം ചെറുവാടി കടവിലാണ് സംഭവം. തേങ്ങ ഇടാനായി തെങ്ങിൽ കയറിയ വീരാൻകുട്ടിയെ ആണ് രക്ഷപ്പെടുത്തിയത്.
തേങ്ങയിടാൻ കയറിയ വീരാൻകുട്ടിയുടെ തലയിൽ തേങ്ങ വീണതാണ് അപകടത്തിന് ഇടയാക്കിയത്. ഇതോടെ വീരാൻകുട്ടി തെങ്ങുകയറ്റ യന്ത്രത്തിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു. മറ്റൊരു തെങ്ങ് കയറ്റ തൊഴിലാളിയായ വിനോദ് തെങ്ങിൽ കയറി യന്ത്രമടക്കം കയറുകൊണ്ട് കെട്ടിയതോടെ വലിയ അപകടം ഒഴിവായി.
മുക്കം ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫിസർ അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തിയാണ് വീരാൻ കുട്ടിയെ താഴെയിറക്കിയത്. അസിസ്റ്റന്‍റ് ഓഫിസർ ഭരതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷൈബിൻ, ജലീൽ എന്നിവർ ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറുകയും 40 അടി ഉയരത്തിലുള്ള തെങ്ങിൽ നിന്നും നെറ്റ് ഉപയോഗിച്ച് വീരാൻകുട്ടിയെ താഴേക്കിറക്കുകയുമായിരുന്നു.