Man Killed Wife In Payyanur : പയ്യന്നൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി പ്രതി - കൊലപാതകത്തിന് കാരണം കുടുംബവഴക്കെന്ന് സംശയം
Published : Oct 25, 2023, 10:50 PM IST
കണ്ണൂർ:പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു (Man Killed Wife In Payyanur). കണ്ണൂർ കാട്ടിലെ പീടിക, തയ്യിൽ വളപ്പിൽ സ്വദേശിനി പ്രസന്ന വികെ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി പൊലീസിൽ കീഴടങ്ങി. പയ്യന്നൂരിനടുത്ത് കാങ്കോൽ ബമ്മാരടി കോളനിയിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബമ്മാരടി കോളനിയിലെ നിർമാണ തൊഴിലാളിയായ ഷാജി ഭാര്യ പ്രസന്നയെ വീടിനകത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല പൂർണമായും വേർപെട്ട നിലയിലായിരുന്നു മൃതദേഹം. പ്രസന്നയുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളായ സ്ത്രീകൾ വീടിനകത്ത് കയറിയപ്പോഴാണ് മൃതദേഹം കാണുന്നത്. അയൽക്കാർ എത്തുന്നതിനു മുന്‍പു തന്നെ ഷാജി ബൈക്കിൽ പുറത്തേക്കു പോയിരുന്നു. തുടർന്ന് ഷാജി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ വഴക്കിനെ തുടർന്ന് ഒരു വർഷമായി പ്രസന്നയും മൂന്ന് മക്കളും കണ്ണൂർ കാട്ടിലെ പീടികയ്ക്കടുത്ത സ്വന്തം വീട്ടിലാണ് താമസം. നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഇന്ന് ഉച്ചയോടെ പ്രസന്ന കാങ്കോലിലെ ഷാജിയുടെ വീട്ടിലെത്തിയത്. ആ സമയത്താണ് കൊല നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് പയ്യന്നൂർ ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രൻ പറഞ്ഞു.
പെരിങ്ങോത്തു നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും, ഫോറൻസിക് സംഘവും പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.