Video | മദ്യ ലഹരിയില്‍ കാര്‍ ഓടിച്ചുകയറ്റിയത് റെയില്‍വേ ട്രാക്കിലേക്ക് ; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍ - കണ്ണൂര്‍
കണ്ണൂർ : മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ ആളെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഞ്ചരക്കണ്ടി സ്വദേശി എ ജയപ്രകാശാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ താഴെ ചൊവ്വ സ്‌പിന്നിങ് മിൽ ഗേറ്റിന് സമീപമാണ് സംഭവം. റെയിൽവേ ട്രാക്കിന് സമാന്തരമായാണ് നിലവിൽ റോഡ് കടന്നുപോകുന്നത്. പൂർണ മദ്യ ലഹരിയിൽ ആയിരുന്ന ജയപ്രകാശ് റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. 15 മീറ്ററോളമാണ് ഇയാള്‍ ട്രാക്കിലൂടെ കാര്‍ ഓടിച്ചത്. പിന്നീട് കാർ എങ്ങോട് നീക്കണം എന്നറിയാതെ ട്രാക്കിൽ തന്നെ നിന്നു. രാജധാനി എക്‌സ്‌പ്രസ് ഇതുവഴി കടന്നുപോകേണ്ട സമയമായിരുന്നു അത്. ഒടുവിൽ നാട്ടുകാർ എത്തിയാണ് കാർ നീക്കിയത്. ട്രെയിൻ എത്താത്തതിനാല്‍ വൻ ദുരന്തം ഒഴിവായെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗേറ്റ് കീപ്പറാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ എടക്കാട് പൊലീസെത്തി ജയപ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ റെയില്‍വേ ആക്‌ടിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.