Man Breaks BMW Car Window And Stolen 14 Lakhs : നിര്‍ത്തിയിട്ട ബിഎംഡബ്ല്യൂ കാറിന്‍റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു - ബിഎംഡബ്ല്യൂ കാറിന്‍റെ ചില്ല് തകര്‍ത്ത്
Published : Oct 23, 2023, 6:09 PM IST
ബെംഗളൂരു:സര്‍ജാപൂരില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്‌ത ബിഎംഡബ്ല്യൂ കാറിന്‍റെ ചില്ല് തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു (Man Breaks BMW Car Window And Stolen 14 Lakhs). സോംപുരയിലെ സബ് രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് വെള്ളിയാഴ്‌ചയാണ് സംഭവം. ആനേക്കൽ കസബയിലെ താമസിക്കുന്ന മോഹൻ ബാബു എന്നയാളുടെ കാറില്‍ നിന്നാണ് പണം മോഷണം പോയത്. മോഹന്‍ ബാബുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സബ് രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് നിര്‍ത്തിയിട്ട കാറിന് അടുത്ത് ബൈക്കിലെത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. ബൈക്കിലെത്തിയ രണ്ടു പേരില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെ യുവാവ് കാറിന് അടുത്തേക്ക് പോകുകയും ചുറ്റും നോക്കുകയും ചെയ്‌തു. തുടര്‍ന്ന് കൈയില്‍ കരുതിയിട്ടുള്ള ചെറിയ വസ്‌തു കൊണ്ട് കാറിന്‍റെ ഒരു വശത്തെ ചില്ല് തകര്‍ത്തു. അതിലൂടെ അകത്തേക്ക് കയറിയ ഇയാള്‍ മഞ്ഞയും വെള്ളയും നിറത്തിലുള്ള രണ്ട് കവറുമായി തിരിച്ചിറങ്ങി. ഹെല്‍മെറ്റ് ധരിച്ചയാള്‍ മോഷ്‌ടിച്ച പണവുമായി ഇയാള്‍ വരുന്നതും നോക്കി ബൈക്ക് സ്റ്റാര്‍ട്ടാക്കി കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കൈയില്‍ കിട്ടിയ രണ്ട് കവറുമായി യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പുതിയ സ്ഥലം വാങ്ങിയതിന്‍റെ രജിസ്ട്രേഷനായി കാറില്‍ സൂക്ഷിച്ച് വച്ച പണമാണ് മോഷണം പോയതെന്ന് മോഹന്‍ ബാബു പറഞ്ഞു. ബാബുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.