Divorce Case | വിവാഹമോചനക്കേസിലെ കാലതാമസം : കുടുംബ കോടതി ജഡ്‌ജിയുടെ കാര്‍ അടിച്ചുതകര്‍ത്ത് മുൻ സൈനികൻ, തുടര്‍ന്ന് പിടിയില്‍ - ജയപ്രകാശ്
പത്തനംതിട്ട : വിവാഹമോചന കേസിൽ നീതി വൈകുന്നുവെന്നാരോപിച്ച് തിരുവല്ലയില്‍ കുടുംബ കോടതി ജഡ്‌ജിയുടെ കാര്‍ മുൻ സൈനികൻ അടിച്ചുതകര്‍ത്തു. തിരുവല്ല കുടുംബ കോടതിയിലെ ജഡ്‌ജി ബി.ആര്‍ ബില്‍കുലിന്‍റെ ഔദ്യോഗിക വാഹനമാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ മംഗലപുരം ശിവഗിരി നഗറില്‍ അതുല്യ സാഗറില്‍ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പലം കടയ്ക്കാട്ടുപാറ അമൃത് സാഗറില്‍ ഇ.പി ജയപ്രകാശ് (53) ആണ് പിടിയിലായത്.
സംഭവം ഇങ്ങനെ :തിരുവല്ല നഗരസഭ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കോടതിക്ക് മുന്നില്‍ ബുധനാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വിവാഹമോചനം, സ്ത്രീധനം എന്നിവ സംബന്ധിയായ കേസുകളാണ് കോടതിയില്‍ ഇയാള്‍ക്കെതിരെയുള്ളത്. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ജയപ്രകാശ് കടയിൽ നിന്ന് മൺവെട്ടി വാങ്ങിക്കൊണ്ടുവന്നാണ് കോടതി വളപ്പിൽ പാർക്ക് ചെയ്‌തിരുന്ന കാറിന്‍റെ ചില്ലുകൾ അടിച്ചുതകർത്തത്.
കാറിന്‍റെ മുന്നിലെയും പിന്നിലെയും വിന്‍ഡോ ഗ്ലാസുകളും ഇയാള്‍ അടിച്ചുതകർത്തു. ഇതിനുശേഷം കാറിന്‍റെ സമീപത്ത് തന്നെ നിന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തേതിയപ്പോഴും ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമം നടത്തിയില്ല. തുടര്‍ന്ന് പൊലീസ് ജയപ്രകാശിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
കേസിലെ കാലതാമസം പ്രകോപിതനാക്കി :ജയപ്രകാശും അടൂർ കടമ്പനാട് സ്വദേശിയായ ഭാര്യയുമായുള്ള വിവാഹമോചന ഹര്‍ജി ഏറെ കാലമായി കോടതിയുടെ പരിഗണനയിലാണ്. കേസിനായി മംഗലാപുരത്തുനിന്നാണ് ജയപ്രകാശ് പത്തനംതിട്ടയിൽ എത്തുന്നത്. മിക്കപ്പോഴും വൈകുന്നേരം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയാണുണ്ടാവുക. ഇതിൽ പ്രകോപിതനായാകാം ഇയാള്‍ കാർ തകർത്ത് പ്രതിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കേസ് അനിയന്ത്രിതമായി നീളുന്നതിലുള്ള പ്രതിഷേധം സൂചിപ്പിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പൊലീസും പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മെര്‍ച്ചന്‍റ് നേവിയിലായിരുന്ന ജയപ്രകാശ് 2017 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഭാര്യ പത്തനംതിട്ട കോടതിയിലാണ് ആദ്യം പരാതി നല്‍കിയിരുന്നത്. കേസ് ജനുവരിയിലാണ് തിരുവല്ല കുടുംബ കോടതിയിലേക്ക് മാറ്റിയത്.