അട്ടപ്പാടിയിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ വനം വകുപ്പിന്‍റെ പിടിയിൽ - ഷോളയൂർ
പാലക്കാട്: അട്ടപ്പാടി ഷോളയൂർ വയലൂരിൽ നിന്ന് 150 കിലോ മാനിറച്ചിയുമായി യുവാവ് പിടിയില്‍. കള്ളമല സ്വദേശി റെജി മാത്യു ആണ് മാനിറച്ചിയുമായി ഷോളയൂർ വനം വകുപ്പിന്‍റെ പിടിയിലായത്. ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു.
വയലൂർ വന മേഖലയിൽ നിന്നും വെടിയൊച്ച കേട്ട വനം വകുപ്പ് ജീവനക്കാർ വനാതിർത്തിയിൽ നിലയുറപ്പിച്ചു. ഈ സമയത്താണ് ആറുപേർ മ്ലാവിന്‍റെ ഇറച്ചി ചാക്കിലാക്കി ചുമന്ന് കൊണ്ട് വന്നത്. വനം വകുപ്പ് ജീവനക്കാരെ കണ്ടതും എല്ലാവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്ന വാച്ചർമാർ മൽപിടുത്തത്തിലൂടെ റെജിയെ കീഴ്‌പ്പെടുത്തിയെങ്കിലും മറ്റുള്ള അഞ്ച് പേരും ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വരടിമല കക്കണാംപാറ ഭാഗത്ത് രണ്ട് മ്ലാവിനെ വെടിവച്ച് കൊന്നതായി ഇയാള്‍ വെളിപ്പെടുത്തിയത്. മാനിനെ കഷ്‌ണങ്ങളാക്കി പ്ലാസ്റ്റിക് ചാക്കിൽ കൊണ്ട് വന്ന് വാഹനത്തിൽ കടത്തനായിരുന്നു പദ്ധതി. ഓടി രക്ഷപ്പെട്ടവരുടെ കൈയിൽ തോക്കുകളും ഉണ്ടായിരുന്നു. വേട്ട സംഘവുമായി ഉണ്ടായ മൽപ്പിടുത്തത്തിൽ രണ്ട് വാച്ചർമാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഷോളയൂർ വന മേഖലയിൽ വ്യാപകമായി മാൻ വേട്ട നടക്കുന്നതായി വനം വകുപ്പിന് സംശയമുണ്ട്. അഗളി റെയ്ഞ്ച് ഓഫിസർ സി സുമേഷ്, ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചർ ആർ സജീവ് എന്നിവരുടെ നേതൃത്വത്തിൽ ഈ മേഖലയിൽ പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചു. ഓടി രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്.