വൃദ്ധയായ അമ്മയെ മുറിയിൽ പൂട്ടി ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്‌ത സംഭവം : പ്രതി അറസ്റ്റില്‍ - കരിങ്കുന്നം സ്വദേശി മനു
ഇടുക്കി: വൃദ്ധയായ അമ്മയെ മുറിയിൽ പൂട്ടിയ ശേഷം ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ പ്രതി പിടിയില്‍. തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്താണ് നാല്‍പത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കരിങ്കുന്നം സ്വദേശി മനുവാണ് അറസ്റ്റിലായത്.
വീട്ടിലെ അറ്റകുറ്റ പണിക്കായി എത്തിയതായിരുന്നു പ്രതി. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് അമ്മയെ അടുത്ത മുറിയിൽ പൂട്ടി ഇട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അവശനിലയിലായ മകളെ അമ്മ തന്നെയാണ് തൊടുപുഴയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ വീടിന് സമീപം മറ്റ് വീടുകൾ ഇല്ലാതിരുന്നതിനാൽ മറ്റാരും സംഭവം അറിഞ്ഞിരുന്നില്ല. അമ്മ എതിര്‍ത്തപ്പോഴാണ് വീടിന്‍റെ ഒരു മുറിയില്‍ ഇവരെ പൂട്ടിയിട്ട ശേഷം മകളെ പീഡിപ്പിച്ചത്.
സംഭവത്തില്‍ യുവതിയുടെ അമ്മ കരിങ്കുന്നം പൊലീസിനും തൊടുപുഴ ഡിവൈഎസ്‌പിയ്ക്കും നൽകിയ പരാതിയെ തുടർന്നാണ് പ്രതിയായ മനു അറസ്റ്റിലാകുന്നത്. മാർച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെ നിരവധി തവണ ഭിന്നശേഷിക്കാരിയായ മകളെ മനു പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കരിങ്കുന്നം സ്വദേശിനിയായ 76 കാരിയുടെ പരാതി. മജിസ്ട്രേറ്റിന്‍റെ മുന്നിലും അമ്മയും മകളും മൊഴി നല്‍കി. ബലാത്സംഗം, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മനുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.