മാലിമുളകിന് വില ഇടിയുന്നു; വില 40 രൂപയിൽ താഴെ, ഇടുക്കിയിൽ കർഷകർ പ്രതിസന്ധിയിൽ - ഇടുക്കിയിലെ മാലി മുളക് കൃഷി
ഇടുക്കി : കര്‍ഷകര്‍ക്ക് നിരാശയേകി മാലിമുളകിന് വില ഇടിയുന്നു. 120 രൂപ വിലയുണ്ടായിരുന്ന മാലിമുളകിനു ഇപ്പോൾ 40 രൂപയിൽ താഴെയാണ് വില ലഭിക്കുന്നത്. തലമുറകളായി മറ്റത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകരുടെ വരുമാനമാര്‍ഗമാണ് മാലിമുളക്. തോപ്രാംകുടി, മുരിക്കാശേരി, ശാന്തൻപാറ, ചെമ്മണ്ണാർ, മാവടി, ബഥേൽ എന്നിവിടങ്ങളിലാണ് മാലി മുളക് കൃഷി ആരംഭിച്ചത്.
കട്ടപ്പന, ലബ്ബക്കട, എഴുകുംവയൽ, ഇരട്ടയാർ, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്കും കൃഷി വ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, കൊടകര, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ പച്ചക്കറിച്ചന്തകളില്‍ നല്ല പ്രാധാന്യമാണ് മാലിമുളകിനുള്ളത്. മലയോര കാലാവസ്ഥയും മണ്ണും അനുകൂല സാഹചര്യമൊരുക്കുന്നുണ്ടെങ്കിലും മാലി മുളകിന്‍റെ വില കുറഞ്ഞത് ഹൈറേഞ്ചിലെ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
40 രൂപയിൽ താഴെയാണ് കർഷകന് ഇപ്പോൾ ലഭിക്കുന്ന വില. ഏതാനും നാളുകൾക്കു മുൻപ് 150 രൂപ വിലയുണ്ടായിരുന്ന മാലി മുളകിന്‍റെ വില ഇപ്പോൾ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 40 രൂപയ്‌ക്ക് വരെ മാലിമുളക് എടുക്കുവാൻ ആളില്ല എന്ന് കർഷകർ പറയുന്നു. ഹൈറേഞ്ചിൽ ഉത്‌പാദിപ്പിക്കുന്ന മാലി മുളകിൽ ഭൂരിഭാഗവും മാലിദ്വീപിലേക്കാണ് കയറ്റി അയയ്‌ക്കുന്നത്.
ബോൾട്ട് ഇനമാണു കയറ്റുമതി ചെയ്യപ്പെടുന്നത്. പഴുത്തവ കേരളത്തിലെ വിപണികളിൽ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. മാലി മുളകിന് 250 രൂപ വരെ മുൻപ് കർഷകർക്ക് ലഭിച്ചിരുന്നു.