'100 മണിക്കൂര്‍ കൊണ്ട് അല്ലാഹുവിന്‍റെ 99 പേരുകള്‍'; അസ്മാഹുല്‍ ഹുസ്നയില്‍ റെക്കാഡ് നേടി റംഷീന - ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്
മലപ്പുറം: 100 മണിക്കൂർ കൊണ്ട് അല്ലാഹുവിൻ്റെ 99 പേരുകൾ (അസ്മാഹുല്‍ ഹുസ്ന) ത്രെഡ് ആർട്ടിലൂടെ ചെയ്‌ത് റെക്കോഡിട്ട് പെരിന്തൽമണ്ണ സ്വദേശി ഫാത്തിമത്ത് റംഷീന. അല്ലാഹുവിൻ്റെ 99 പേരുകളാണ് ഫാത്തിമത്ത് റംഷീന ത്രഡ് ആർട്ടിലൂടെ ചെയ്തെടുത്തത്.
ചെറുപ്പം മുതൽ ക്രാഫ്റ്റ് ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്ന ഫാത്തിമത്ത് റംഷീന ലോക്‌ഡൗൺ സമയത്താണ് എംബ്രോയിഡറി വർക്കിലേക്ക് കടന്നത്. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് എംബ്രോയിഡറി പഠിച്ചെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്‍റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അതിന് വേണ്ടി പരിശ്രമിച്ച് തുടങ്ങി.
തുടർന്ന് 100 മണിക്കൂറുകൾ കൊണ്ട് അല്ലാഹുവിന്‍റെ 99 പേരുകൾ ത്രഡ് ആർട്ട് ചെയ്‌ത് പൂർത്തിയാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടുകയായിരുന്നു ഫാത്തിമത്ത് റംഷീന. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി ചാത്തല്ലൂർ അബ്‌ദുല്‍ റഷീദിൻ്റെയും സുലൈഖയുടേയും മകളായ ഫാത്തിമത്ത് റംഷീന വളാഞ്ചേരി എം ഇ എസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.
ദൈവത്തിന്‍റെ ഉത്തമമായ നാമങ്ങള്‍ എന്നാണ് അസ്മാഹുല്‍ ഹുസ്ന എന്ന അറബി വാക്കിനര്‍ഥം. ദൈവത്തിന്‍റെ ശക്തിയേയും ഉദാരതയേയും കാരുണ്യത്തേയും വിശേഷിപ്പിക്കുന്ന 99 നാമങ്ങളാണ് ഇവ.
Also read:ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ 'ഫ്രീഡം വാള്‍' ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍