Manipur Violence| 'കേന്ദ്രം കാഴ്‌ചക്കാരായി നിൽക്കുന്നു'; കലാപം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷന്‍ - മലങ്കര ഓർത്തഡോക്‌സ് സഭ
കോട്ടയം:മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ. ശക്തമായ പട്ടാള സാന്നിധ്യം ഇവിടെ ഏർപ്പെടുത്തി, കലാപം അവസാനിപ്പിക്കണം. നടക്കുന്ന കലാപം ന്യൂനപക്ഷ പീഡനം മാത്രമായിട്ട് കാണുന്നില്ല. രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുവിഭാഗങ്ങളും പീഡിപ്പിക്കപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇവിടെ കാഴ്‌ചക്കാരായി നോക്കി നിൽക്കുന്നത് എന്ന് മനസിലാകുന്നില്ല. കാതോലിക്ക ബാവ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, സഭാതർക്കം സംബന്ധിച്ചുള്ള സമവായ നിർദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ വിഷയത്തിൽ നിയമനിർമാണം നടത്തരുതെന്നാണ് സഭയുടെ നിലപാട്. സഭയുടെ ഭരണഘടന, കോടതി വിധി എന്നിവയിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഒത്തുതീർപ്പ് വ്യവസ്ഥയാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ഉള്ളടക്കം പുറത്ത് വരാത്തതിനാൽ ഇതിൻ്റെ ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കില്ലെന്നും കാതോലിക്ക ബാവ കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.