കേരളം

kerala

Luxury Bus Left To Kerala For Navakerala Sadas

ETV Bharat / videos

നവകേരള സദസ്; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള 'ആഢംബര ബസ്' കേരളത്തിലേക്ക്; പരിപാടിക്ക് നാളെ തുടക്കം

By ETV Bharat Kerala Team

Published : Nov 17, 2023, 10:34 PM IST

തിരുവനന്തപുരം:നാളെ (നവംബര്‍ 18) ആരംഭിക്കുന്ന നവകേരള സദസിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഢംബര ബസ് കേരളത്തിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫിസില്‍ നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നാളെ നവകേരള സദസ് ആരംഭിക്കുന്ന കാസര്‍കോടേക്കാണ് ബസ് എത്തിക്കുക. ബസ് പുലര്‍ച്ചെ കാസര്‍കോട് എത്തും. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ആഢംബര ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. 

ബസിലെ സൗകര്യങ്ങള്‍:അത്യാധുനിക സൗകര്യങ്ങളോടെയാണ് ബസ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ബെംഗളൂരുവിലെ എസ്എം കണ്ണപ്പ ഓട്ടോ മൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ബസിന്‍റെ ബോഡി നിര്‍മിച്ചത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്. ബെന്‍സിന്‍റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും മറ്റ് മന്ത്രിമാര്‍ക്ക് പ്രത്യേകം സീറ്റുകളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബസിന്‍റെ മുന്‍വശത്ത് ഡ്രൈവറുടെ സമീപത്തായി മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയയും ഉണ്ട്. ഇതുകൂടാതെ ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്‌ജ് തുടങ്ങിയവ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഢംബര ബസ് വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. ബെന്‍സിന്‍റെ ഷാസിക്ക് മാത്രം 35 ലക്ഷം വേറെയും നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  

വിമര്‍ശനങ്ങള്‍ക്കിടെ ഒരു ബസ് യാത്ര:സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസിനായുള്ള ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവിലുള്ള പുതിയ ബസിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും പൊതുജനങ്ങളും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയ്‌ക്ക് ഇത്രയും വലിയ തുക ചെലവഴിച്ച് ബസിറക്കിയത് സര്‍ക്കാറിന്‍റെ ധൂര്‍ത്ത് എടുത്തുകാണിക്കുന്നതാണെന്നും ആരോപണമുണ്ട്. എന്നാല്‍ ബസ് ഇനിയും ഉപകാരപ്പെടുമെന്നാണ് സര്‍ക്കാറിന്‍റെ വാദം. മന്ത്രിമാര്‍ എല്ലാം ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നതിലൂടെ വന്‍ തുക ലാഭിക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ വാദം.

also read:നവകേരള സദസിന് നാളെ മഞ്ചേശ്വരത്ത് തുടക്കമാകും; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും, സമാപനം ഡിസംബര്‍ 23ന് വട്ടിയൂര്‍കാവില്‍

ABOUT THE AUTHOR

...view details