പെട്രോള്‍ പമ്പിന് സമീപത്തുള്ള വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; സമയോചിതമായി ഇടപെട്ട് പരിഹരിച്ച് അഗ്നിശമന സേന - lpg gas cyilinder leakage kollam
കൊല്ലം: കാവനാട് പെട്രോള്‍ പമ്പിന് സമീപത്തുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു. ഗ്യാസ് ചോര്‍ച്ച വീട്ടുകാര്‍ കണ്ടെത്തി തക്കസമയത്ത് അഗ്നിശമനസേയെ വിവരം അറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാവനാട് മീനത്ത് ചേരി എരുവിജഴികത്ത് റിട്ട.എസ്.ഐ മോഹനന്‍പിള്ളയുടെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ ഉപയോഗിക്കാതെ കരുതല്‍കുറ്റിയായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ ആണ് ചോര്‍ന്നത്. ചൊവ്വാഴ്‌ച രാത്രി എട്ട് മണിക്കാണ് സംഭവം.
വീടിന് സമീപത്ത് തന്നെ പെട്രോള്‍ പമ്പുണ്ടായിരുന്നെങ്കിലും കൃത്യസമയത്ത് ഫയര്‍ഫോഴ്‌സ് എത്തി ഗ്യാസ് സിലിണ്ടര്‍ നിര്‍വീര്യമാക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വീടിന് സമീപം പെട്രോള്‍ പമ്പ് ഉള്ളതിനാല്‍ ഇവിടെ ലോഡിറക്കുമ്പോള്‍ ഗ്യാസിന്‍റെയും പെട്രോളിന്‍റെയും മണം പതിവായി വരാറുണ്ടെന്നും രാത്രിയില്‍ വീടിനുള്ളില്‍ നിന്ന് വന്ന മണവും അത്തരത്തിലായിരിക്കുമെന്ന് കരുതിയതായി മോഹനന്‍പിള്ള പറഞ്ഞു. ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അതേസമയം രാത്രി ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോകും വഴി വീടിന്‍റെ വര്‍ക്ക് ഏരിയയുടെ ഭാഗത്ത് നിന്ന് ചെറിയ ശബ്‌ദവും ഗ്യാസിന്‍റെ രൂക്ഷ ഗന്ധവും അനുഭവപ്പെട്ടുവെന്നും ഉടന്‍ തന്നെ അയല്‍വാസിയായ ബന്ധുവിനെ വിളിച്ചുവരുത്തിയെന്നും മോഹനന്‍ പിള്ള പറഞ്ഞു. തുടര്‍ന്ന് ബന്ധുവെത്തി ഗ്യാസ് സിലിണ്ടര്‍ വീടിന് പുറത്തേക്ക് മാറ്റി നനഞ്ഞ ചാക്ക് കൊണ്ട് മൂടിയ ശേഷം ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ചാമക്കടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി സിലിണ്ടര്‍ പരിശോധിച്ചപ്പോഴാണ് അടിവശം ദ്രവിച്ച് തുള വീണതായും ഇത് വഴിയാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായതെന്നും കണ്ടെത്തിയത്.
പഴകി ദ്രവിച്ച ഗ്യാസ്‌കുറ്റി പെയിന്‍റടിച്ച് ഗ്യാസ് നിറച്ച് വീട്ടിലെത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഏറെ പണിപ്പെട്ട് മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് ഗ്യാസിന്‍റെ ചോര്‍ച്ച പരിഹരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം കാവനാടുള്ള ഗ്യാസ് ഏജന്‍സിയെ ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഗ്യാസ് സിലണ്ടറിന്‍റെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പറയുകയും കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടാനാണ് പറഞ്ഞതെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ചാമക്കട ഫയര്‍ ഓഫിസര്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്യാസ് ചോര്‍ച്ച പരിഹരിച്ചത്.