Kasargod Lorry Accident| കാസർകോട് കുഴൽ കിണർ നിർമാണത്തിനുള്ള യന്ത്രം ഘടിപ്പിച്ച ലോറി മറിഞ്ഞ് അപകടം; 9 പേർക്ക് പരിക്ക്
കാസർകോട്: കള്ളാർ അടോട്ടുകയത്ത് ലോറി മറിഞ്ഞു ഒൻപത് പേർക്ക് പരിക്ക്. കുഴൽ കിണർ നിർമാണത്തിനുള്ള യന്ത്രം ഘടിപ്പിച്ച ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ പരപ്പ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ബന്തിയോട് പെർമുദെയിൽ ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ ചേവാർ മീത്തടുക്കയിലെ സി എച്ച് പ്രകാശ് എന്ന കിഷോർ (34) ആണ് മരിച്ചത്. ചേവാർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. പെർമുദ എൽപി സ്‌കൂളിന് മുൻവശത്തെ റോഡിലായിരുന്നു അപകടം. അതേസമയം, മാവേലിക്കരയില്‍ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര കണ്ടിയൂരില്‍ പുളിമൂട് വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. യാത്ര കഴിഞ്ഞെത്തിയ യുവാവ് കാര്‍ വീട്ടിലെ പോർച്ചിലേക്ക് കയറ്റുമ്പോൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. മാവേലിക്കര കണ്ടിയൂർ ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്‌ണ പ്രകാശ്.