Lorry caught fire | കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു - kollam
കൊല്ലം:ശക്തികുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്നലെ (ജൂണ്‍ 19) രാത്രി 8.45 ഓടെ നീണ്ടകര പാലത്തിന് സമീപമാണ് സംഭവം. ഓച്ചിറയില്‍ നിന്ന് പാരി പള്ളിയിലേക്ക് പോകുമ്പോഴാണ് ലോറിയുടെ കാബിനിനുള്ളില്‍ നിന്ന് തീ പടര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി റോഡിലേക്ക് ഇറങ്ങി.
എന്നാല്‍ ലോറി നിര്‍ത്തിയിട്ടതിന് സമീപം ഇലക്‌ട്രിസിറ്റി ട്രാന്‍സ്‌ഫോര്‍മര്‍ ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വീണ്ടും ലോറിയില്‍ കയറി മറ്റൊരിടത്തേക്ക് മാറ്റിയിട്ടു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്‌നി രക്ഷ സേനയെ വിവരം അറിയിച്ചു.
ചാമക്കടയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷ സേനയെത്തിയാണ് തീ അണച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. കല്ലമ്പലം സ്വദേശിയായ വിമലിന്‍റേതാണ് ലോറി. രണ്ട് മാസം മുമ്പ് മൂവാറ്റുപുഴയില്‍ നിന്നും വാങ്ങിയതാണ് ലോറി. സംഭവത്തിന് പിന്നാലെ ഒരു മണിക്കൂര്‍ ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കത്തിയ ലോറി ക്രെയിന്‍ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. സ്ഥലത്തെത്തിയ ശക്തി കുളങ്ങര പൊലീസ് ഗതാഗതം നിയന്ത്രിച്ചു.