Oommen Chandy | 'കൊച്ചി മെട്രോ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വം' ; ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് കെഎംആർഎൽ - kerala news updates
എറണാകുളം :കൊച്ചി മെട്രോയുടെ ആദ്യ ചെയര്‍മാനായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോ യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്‌ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. മെട്രോയുടെ ഡിപിആർ തയ്യാറാക്കുന്നത് മുതൽ നിർമാണത്തിന് തുടക്കം കുറിക്കുന്നതിലും ട്രയൽ റൺ നടത്തുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നുവെന്നും ബെഹ്‌റ വ്യക്തമാക്കി.
തന്‍റെ അശ്രാന്ത പരിശ്രമത്തിലൂടെ കൊച്ചി മെട്രോ റെയിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ മാറ്റി നിർത്താനാകാത്ത വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. മെട്രോ നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടി നൽകിയ സംഭാവനയെ കുറിച്ച് എല്ലാവർക്കും അറിയാം. ഉമ്മൻ ചാണ്ടിക്ക് വലിയ താത്‌പര്യമുള്ള പദ്ധതിയായിരുന്നു കൊച്ചി മെട്രോ.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2012 ല്‍ കെഎംആർഎൽ ഇന്നത്തെ രൂപത്തിൽ ക്രമീകരിച്ചതെന്നും ലോക് നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോയ്ക്ക് കേന്ദ്ര സർക്കാറിന്‍റെ അംഗീകാരം വാങ്ങാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നേരിൽ കണ്ട് അതിനുള്ള ശ്രമം നടത്തി. ഇതേ തുടർന്നാണ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചത്.
മെട്രോയുടെ ശിലാസ്ഥാപനം നടത്തിയതും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന വേളയിലാണ്. വ്യക്തിപരമായി തന്നെ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. നാലുവർഷം കൊണ്ട് കൊച്ചി മെട്രോയുടെ ട്രയൽ ആരംഭിക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ഫലമാണെന്നും ബെഹ്റ പറഞ്ഞു.2016ൽ ട്രയൽ റൺ ഫ്ലാഗ് ഓഫ് ചെയ്‌തതും ഉമ്മൻ ചാണ്ടിയായിരുന്നു. കൊച്ചി മെട്രോ ലിമിറ്റഡിന് അനുബന്ധമായി നിരവധി പ്രവർത്തനങ്ങൾ നടത്താനായതും അദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. വാട്ടർ മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങളും ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് തുടങ്ങിയത്.
വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉമ്മൻ ചാണ്ടിയെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അനുസ്‌മരിക്കുന്നതായും അനുശോചന സന്ദേശത്തിൽ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.