Robbery| മാഹിയില്‍ മദ്യക്കട കുത്തിതുറന്ന് മോഷണം, പ്രതികള്‍ പിടിയില്‍ - മാഹി
കണ്ണൂര്‍:മദ്യക്കട കുത്തിത്തുറന്ന് മദ്യം മോഷ്‌ടിച്ച പ്രതികൾ മാഹി പൊലീസിൻ്റെ പിടിയിൽ. കല്ലാച്ചി സ്വദേശികളായ അബ്‌ദുൽ ശരീഫ് എപി എന്ന ശരീഫ് (45), അമീർ പിവി എന്ന മൊട്ട അമീർ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജൂണ്‍ ഒന്‍പതിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
പ്രതികള്‍ മാഹി പള്ളൂരിലെ ജോളി വൈൻസിൽ എത്തിയാണ് മോഷണം നടത്തിയത്. കടയുടെ ഷട്ടര്‍ കുത്തിതുറന്ന് ഉള്ളില്‍ പ്രവേശിച്ച പ്രതികള്‍ 35 ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിയും 19 ബിയര്‍ ബോട്ടിലും കവരുകയായിരുന്നു. കൂടാതെ കമ്പ്യൂട്ടറിന്‍റെ സിപിയുവും പ്രതികള്‍ മോഷ്‌ടിച്ചു.
ഏകദേശം 21,000 രൂപയുടെ വസ്‌തുക്കളാണ് വൈന്‍ഷോപ്പില്‍ നിന്നും നഷ്‌ടപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കാറില്‍ എത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. ഇവരില്‍ നിന്നും തൊണ്ടിമുതലും പൊലീസ് കണ്ടെത്തി. അതേസമയം, പ്രതികള്‍ വൈന്‍ഷോപ്പില്‍ മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു.
മാഹി സർക്കിൾ ഇൻസ്പെകടർ ബിഎം മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പള്ളൂർ എസ് ഐ അജയകുമാർ കെസി, എഎസ് ഐമാരായ സോമൻ ടി, കിഷോർ കുമാർ , സുനിൽ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.