കാസർകോട് ജനറൽ ഹോസ്‌പിറ്റലിൽ ലിഫ്റ്റ് കേടായ സംഭവം: ആശുപത്രി അധികൃതരുടെ വീഴ്‌ചയെന്ന് റിപ്പോർട്ട് - kasaragod
കാസർകോട്:ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് വിവാദത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയെന്ന് ജില്ലാ സബ് ജഡ്‌ജിന്‍റെ റിപ്പോർട്ട്. പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികൾക്കായി പകരം സംവിധാനം ഒരുക്കാനും സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവത്തിൽ ജില്ലാ സബ് ജഡ്‌ജ് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക് റിപ്പോർട്ട് നൽകി. ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാൽ ആശുപത്രിയിൽ മരിച്ച ആളുടെ മൃതദേഹം ചുമട്ടു തൊഴിലാളികൾ ചുമന്നു താഴെ എത്തിച്ചത് വൻ വിവാദമായിരുന്നു. പിന്നാലെ ജില്ലാ സബ് ജഡ്‌ജ് ബി കരുണാകരന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദർശിച്ചിരുന്നു. ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്ന ദുരിതം അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതിനിടെ ലിഫ്റ്റ് കേടായ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് വിജിലന്‍സിന്‍റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്‌ടര്‍ ഡോ. ജോസ് ഡിക്രൂസിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. ലിഫ്റ്റ് അടിയന്തരമായി പുന:സ്ഥാപിക്കാനും അതിന്‍റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.