കേരളം

kerala

ലൈഫ് മിഷൻ കള്ളപ്പണക്കേസ്

ETV Bharat / videos

ലൈഫ് മിഷൻ കള്ളപ്പണക്കേസ്: സന്തോഷ് ഈപ്പനെ ഇഡി കസ്റ്റഡിയിൽ വിട്ടു - Life Mission black money case Santosh Eappen

By

Published : Mar 21, 2023, 10:51 PM IST

എറണാകുളം:വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റുചെയ്‌ത യുണിടാക് ബിൽഡേഴ്‌സ് എംഡി സന്തോഷ് ഈപ്പനെ മാർച്ച് 23 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇഡി കസ്‌റ്റഡി അനുവദിച്ചത്. മൂന്ന് ദിവസം കസ്റ്റഡിൽ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 

സന്തോഷ് ഈപ്പനെ തിങ്കളാഴ്‌ച (20.03.23) കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം റജിസ്റ്റർ ചെയ്‌ത കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. അതേസമയം, ഈ കേസിൽ ഒന്‍പതാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ശിവശങ്കറിന്‍റെ റിമാന്‍ഡ് കാലാവധി വിചാരണ കോടതി ഏപ്രിൽ നാലുവരെ നീട്ടുകയും ചെയ്‌തു. 

'3.8 കോടി രൂപ കോഴയായി നൽകി':ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ മൂന്നാം തവണയും ഇഡി ചോദ്യം ചെയ്‌ത് വിട്ടയച്ചു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സന്തോഷ് ഈപ്പനെ അറസ്റ്റുചെയ്‌തത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, എന്നിവരുടെ നിർദേശപ്രകാരം യുഎഇ കോൺസുലേറ്റ് ജീവനക്കാർക്ക് കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ മൊഴിനൽകിയത്. ലൈഫ് മിഷൻ പദ്ധതിയുമായി സഹകരണ കരാറിൽ ഒപ്പിട്ട യുഎഇ. സന്നദ്ധസംഘടനയായ റെഡ്ക്രസന്‍റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടി രൂപയിൽ 3.8 കോടി രൂപ കോഴയായി നൽകിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. 

ഇന്ത്യൻ രൂപ കരിഞ്ചന്തയിൽ നിന്ന് ഡോളറാക്കി മാറ്റി യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്‍റും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നായിരുന്നു സന്തോഷ് മൊഴി നൽകിയത്. അതേസമയം തന്‍റെ ലോക്കറിൽ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ഒരു കോടി രൂപയും ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കമ്മിഷനാണെന്നും ഇത് എം ശിവശങ്കറിന്‍റെ പണമാണെന്നാണ് സ്വപ്‌നയുടെ ആരോപണം. അതേസമയം ഇത്തരമൊരു പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് എം ശിവശങ്കർ മൊഴി നൽകിയത്. 

'എം ശിവശങ്കറിന്‍റെ പങ്ക് ആഴത്തിലുള്ളത്':ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിശദവാദം ആവശ്യമാണെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും ഇഡി അറിയിച്ചു. തുടർന്നായിരുന്ന ഹർജി പരിഗണിച്ച  കോടതി മാർച്ച് 23ാം തിയതിയിലേക്ക് മാറ്റിയത്. തനിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകുമെന്ന് ശിവശങ്കറും അറിയിച്ചിട്ടുണ്ട്. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യഹർജി വിചാരണ കോടതി തള്ളിയിരുന്നു. തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. 

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്‍റെ പങ്ക് ആഴത്തിലുള്ളതാണെന്നാണ് ഇഡിയുടെ ആരോപണം. ഈ കേസിൽ എം ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചെന്നും വാട്ട്‌സ്‌ആപ്പ് ചാറ്റുകൾ ഉൾപ്പടെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ചാറ്റുകളിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍റെ പേരും പരാമർശിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ട് ദിവസങ്ങളിലായി സിഎം രവീന്ദ്രനേയും വിശദമായി ഇഡി ചോദ്യം ചെയ്‌തിരുന്നു. ലൈഫ് മിഷൻ സിഇഒ  യുവി ജോസിനേയും എം ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.

140 അപ്പാർട്ട്മെന്‍റുകൾ നിർമിക്കാൻ യുഎഇ കോൺസുലേറ്റും യുണിടാക് ബിൽഡേഴ്‌സും തമ്മിൽ കരാറിലേർപ്പെട്ടത് 2019 ജൂലായ് 31നായിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ നിലവിൽ എം ശിവശങ്കറും, സന്തോഷ് ഈപ്പനുമാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിൽ സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവരെയും അറസ്റ്റ് ചെയ്യാനാണ് സാധ്യത. 

ABOUT THE AUTHOR

...view details