ഒരാഴ്‌ചയ്‌ക്കിടെ ഒരേ വീട്ടുമുറ്റത്ത് രണ്ടുതവണയെത്തി പുള്ളിപ്പുലി ; നായകളെ കൊന്നു, സിസിടിവി ദൃശ്യം പുറത്ത് - ഭഗത് സിങ്
നൈനിറ്റാള്‍ (ഉത്തരാഖണ്ഡ്): ഒരേ വീടിന്‍റെ മുന്‍വശത്ത് വച്ച് രണ്ട് നായകളെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തി. കത്ഘാരിയയിലെ മംഗ്ല ബിഹാറിലാണ് ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒരേ വീടിന്‍റെ മുറ്റത്ത് നിന്ന് രണ്ട് നായ്‌ക്കളെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഫത്തേപൂര്‍ മലനിരകളില്‍ നിന്നിറങ്ങുന്ന കടുവകളും പുലികളും മുമ്പേ ഈ പ്രദേശത്ത് ഭീതി വിതയ്‌ക്കാറുണ്ടെങ്കിലും, നിലവിലെ സംഭവത്തോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്.
ഒരേയിടത്ത് രണ്ടുതവണ എത്തി :മംഗ്ല ബിഹാറിലെ ഭഗത് സിങ് തോലിയയുടെ വീട്ടുമതിലിന് അകത്തെത്തിയാണ് പുള്ളിപ്പുലി ആദ്യമായി നായയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നായയെ പിന്തുടര്‍ന്ന ശേഷം അവയെ ആക്രമിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ചുറ്റുപാടും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഒരാഴ്‌ചയ്‌ക്കിപ്പുറം പുള്ളിപ്പുലി വീണ്ടും ഭഗത് സിങ് തോലിയയുടെ വീട്ടുപരിസരത്തെത്തി മറ്റൊരു നായയെ ആക്രമിച്ച് കൊലപ്പെടുത്തി അവയവങ്ങള്‍ ഛിന്നഭിന്നമാക്കി. എന്നാല്‍ ഇത്തവണയും വനംവകുപ്പിന് സൂചന പോലും നല്‍കാതെ പുലി കടന്നുകളഞ്ഞു.
നിലവില്‍ പുലിയുടെയും കടുവയുടെയും മറ്റും ഭീഷണി മൂലം പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. മാത്രമല്ല വീട്ടുമുറ്റം വരെയെത്തുന്ന പുലിയുടെ ആക്രമണം പേടിച്ച് ഇരുട്ടും മുമ്പ് വീടുകളില്‍ കയറിയൊളിക്കുകയാണ് പ്രദേശവാസികള്‍. അതേസമയം രണ്ട് സംഭവങ്ങള്‍ കണ്‍മുന്നില്‍ നടന്നിട്ടും പുലിയെ പിടികൂടാനാവാത്തത് വനംവകുപ്പിന്‍റെ പിടിപ്പുകേടുമൂലമാണെന്ന് അറിയിച്ച് പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.