video: 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ പുലിയെ സാഹസികമായി രക്ഷപ്പെടുത്തി - Leopard trapped in borewell
ഝാൻസി (ഉത്തർപ്രദേശ്) :ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ ഝാൻസിയിലെ പാച്ചർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു ഫാമിനുള്ളിലെ കിണറിലാണ് പുലി അകപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും 15 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ പുറത്തെടുക്കുകയുമായിരുന്നു.
കിണറിൽ വീണതിനെത്തുടർന്ന് പുലിയുടെ കാലുകൾക്ക് പരിക്കേറ്റതായി വനംവകുപ്പ് ഡിഎഫ്‌ഒ എംപി ഗൗതം പറഞ്ഞു. പുലിയെ പുറത്തെടുക്കാൻ ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ഏണിയും കയറും ഉൾപ്പെടെയുള്ള വസ്‌തുക്കളാണ് ഉപയോഗിച്ചത്. എന്നാൽ ശ്രമങ്ങളെല്ലാം വിഫലമായതോടെ ഇവർ ഇറ്റാവ ലയണ്‍ സഫാരി ടീമിന്‍റെ സഹായം തേടുകയായിരുന്നു.
തുടർന്ന് ലയണ്‍ സഫാരി ടീം സ്ഥലത്തെത്തുകയും വനം വകുപ്പുമായി സംയുക്‌തമായി പ്രവർത്തിച്ച് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുലിയെ പുറത്തെടുക്കുകയായിരുന്നു. നിലവിൽ ജില്ല റെസ്റ്റ് ഹൗസിലാണ് പുലിയെ സംരക്ഷിച്ചിരിക്കുന്നത്. ചികിത്സ നൽകി കാലിലെ പരിക്ക് ഭേദമാകുന്ന മുറയ്‌ക്ക് ഇതിനെ വനത്തിലേക്ക് തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിൽ നിന്ന് ബേത്വ നദി കടന്നാണ് പുള്ളിപ്പുലി ഉത്തർപ്രദേശിലെത്തിയതെന്നാണ് സൂചന.