മലക്കപ്പാറയില്‍ പുലി, പൊലീസ് സ്റ്റേഷന്‍ പരിസത്തെ സഞ്ചാരം സിസിടിവി കാമറയില്‍ - സിസിടിവി കാമറ
തൃശൂര്‍: മലക്കപ്പാറയില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പുലിയിറങ്ങി. മൂന്ന് പുലികൾ നടന്നു നീങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസിന്‍റെ സിസിടിവി കാമറയിൽ പതിഞ്ഞത്. ഇന്നലെ (10.05.23) രാത്രി 12 മണിയോടെയാണ് സംഭവം.
തോട്ടം മേഖലയിൽ ആണ് പുലികള്‍ ഇറങ്ങിയത്. പുലികള്‍ റോഡ് മുറിച്ച് കടന്ന് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. സ്റ്റേഷന്‍ കോമ്പൗണ്ട് പരിസരത്ത് കൂടി പുലികള്‍ കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പ്രദേശവും തേയിലത്തോട്ടം ഉൾപ്പെടുന്ന ഭാഗമാണ്. ഈ ഭാഗത്താണ് ഇപ്പോള്‍ പുലികളുടെ സാന്നിധ്യം കണ്ടെത്തിയത്. കരടിയുടെയും പുലിയുടെയും കാട്ടാനായുടെയും സാന്നിധ്യമുള്ള പ്രദേശമാണ് അതിരപ്പിള്ളി-മലക്കപ്പാറ വന മേഖല. പുലികളുടെ സാന്നിധ്യം കണ്ടെത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് മേഖലയിലെ തോട്ടം തൊഴിലാളികളികള്‍.
ഏതാനും നാളുകള്‍ക്ക് മുന്‍പ് മലക്കപ്പാറയില്‍ പുഴയിലേക്ക് വെള്ളം ശേഖരിക്കാന്‍ പോയ തോട്ടം തൊഴിലാളിയുടെ അഞ്ച് വയസുകാരനായ മകന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അതിരപ്പിള്ളി, തുമ്പൂര്‍മൂഴിക്കടുത്ത് കശുമാവിന്‍ തോട്ടത്തില്‍ പശുക്കിടാവിനെ കടിച്ചു കൊന്ന് മരത്തില്‍ കയറ്റിവച്ച സംഭവവും ഈയിടെയാണ് ഉണ്ടായത്.
Also Read:പെരിങ്ങല്‍ക്കുത്തില്‍ കാട്ടാനക്കൂട്ടം കപ്പേള തകര്‍ത്തു ; പ്രദേശത്ത് മുമ്പും ആക്രമണങ്ങള്‍