'പുലി വരുന്നേ പുലി'..; പുലിപ്പേടിയിൽ കോഴിക്കോട് കൂടരഞ്ഞി - പുലി ഭീതി
Published : Dec 28, 2023, 6:07 PM IST
കോഴിക്കോട്:ജില്ലയിലെ കൂടരഞ്ഞിക്ക് സമീപം പൂവാറൻതോട് മേഖല പുലി ഭീഷണിയിൽ. പൂവാറൻതോട് ജിഎൽപി സ്‌കൂളിന് സമീപം മേടപ്പാറയിലാണ് ഇന്നലെ (ഡിസംബർ 27) രാത്രി പുലിയെ കണ്ടത് (leopard presence in Kozhikode Koodaranji). ഇന്നലെ രാത്രി എട്ട് മണിയോടെ ഇതുവഴി സഞ്ചരിച്ച കാർ യാത്രികനായ കാരാമാക്കൽ പ്രനൂപാണ് പുലിയെ കണ്ടത്. കാറിന്‍റെ മുൻ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പുലി റോഡിനു കുറുകെ ഓടി രക്ഷപ്പെടുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. പുലിയെ കണ്ടതായി വാർത്ത പ്രചരിച്ചതോടെ പൂവാറൻതോട് പ്രദേശത്തെ നാട്ടുകാർ ഏറെ ഭീതിയിലാണ്. വിവരം അറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മുൻപും ഈ ഭാഗത്ത് നിരവധി തവണ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ, അപ്പോഴെല്ലാം കാട്ടുപൂച്ചയാണ് എന്ന വിവരമാണ് ഫോറസ്റ്റ് അധികൃതർ നൽകിയിരുന്നത്.