പാലക്കാട് ജനവാസ മേഖലയിൽ അവശനിലയിൽ പുള്ളിപ്പുലി, വനം വകുപ്പ് നടപടി 12 മണിക്കൂർ കഴിഞ്ഞ് ; പ്രതിഷേധിച്ച് നാട്ടുകാർ - leopard in palakkad
പാലക്കാട് : നെന്മാറ അയിലൂർ ജനവാസ മേഖലയിൽ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെയാണ് ടാപ്പിങ് തൊഴിലാളികൾ പുലിയെ അവശനിലയിൽ കണ്ടത്. അവശനായ പുലിയെ 12 മണിക്കൂർ കഴിഞ്ഞാണ് വനം വകുപ്പ് സ്ഥലത്ത് നിന്ന് മാറ്റിയത്.
അയിലൂർ കരിമ്പാറ പുഞ്ചേരിയിൽ രാവിലെ ഏഴ് മണിയോടെയാണ് പുലിയെ കണ്ടത്. കൽച്ചാടി പുഴ തീരത്തുള്ള റബ്ബർ തോട്ടത്തിൽ കിടന്നിരുന്ന പുലി തൊഴിലാളികളെ കണ്ടതോടെ തൊട്ടടുത്ത തോട്ടത്തിലേക്ക് മാറി. തൊഴിലാളികളാണ് വനം വകുപ്പിനെ വിവരമറിയിച്ചത്.
നെല്ലിയാമ്പതി റേഞ്ച് ഓഫിസർ വി. അജയ്‌ഘോഷിന്‍റെ നേതൃത്വത്തിലുള്ള വനപാലകരെത്തി പുലിയെ നിരീക്ഷിച്ചു. പുലിക്ക് ഓടാൻ പോലും കഴിയാതെ അവശനായി കിടക്കുകയായിരുന്നു. സംഭവ സ്ഥലത്തേക്ക് ജനങ്ങൾ പ്രവഹിച്ചതോടെ വടം കെട്ടി ജനങ്ങളെ നിയന്ത്രിച്ചു. 10 മണിക്കൂർ കഴിഞ്ഞാണ് പുലിയെ ചികിത്സിക്കാനുള്ള ഡോക്‌ടറുമെത്തിയത്.
പുലിയെ ആദ്യം വലയിലാക്കി ഒരു ഡോസ് മരുന്ന് നൽകി. പുലിയുടെ ശരീരത്തിൽ മുറിപ്പാടുകള്‍ ഇല്ലെങ്കിലും പൂർണമായും അവശനിലയിലായിരുന്നു. പുലി ഇതുവരെയും അപകട നില തരണം ചെയ്‌തിട്ടില്ല. അതിനാൽ പോത്തുണ്ടി ക്വാർട്ടേഴ്‌സിൽ എത്തിച്ച് ഗ്ലൂക്കോസും മറ്റ് വിറ്റാമിൻ മരുന്നുകളും നൽകി. പുലിയെ വിദഗ്‌ധ ചികിത്സയ്ക്കായി മണ്ണുത്തിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുലിയെ കൊണ്ടുപോകാൻ വൈകിയതിൽ നാട്ടുകാര്‍ പ്രതിഷേധിച്ചു.